തൃശൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുത്ത പൊതുയോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് കേസ്. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസ് എടുത്തത്. ജെപി നഡ്ഡ അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തേക്കിന്‍കാട്് മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കര്‍ണാടക ഉപമുഖ്യമന്ത്രിയും കേരളത്തിന്റെ തിരഞ്ഞെടുപ്പ് പ്രഭാരിയുമായ ഡോ. അശ്വന്ത് നാരായണന്‍, കേരളത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍കുമാര്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തില്‍ ഭരണംപിടിക്കാം. പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങള്‍ ഓരോ വീട്ടിലും എത്തിക്കണമെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും നഡ്ഡ പറഞ്ഞു.