ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും ഒരൊറ്റ പിഴവ് ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്നുളളവര്‍ മാത്രമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം വ്യകത്മാക്കി .
പുതിയ നിയമം വന്നതോടെ മറ്റുളളവര്‍ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കര്‍ഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന് പറയുന്ന ഒരു വ്യവസ്ഥയെങ്കിലും ഈ നിയമങ്ങളില്‍ കാണിച്ചു തരാന്‍ കഴിയുമോയെന്നും തോമര്‍ ചോദിച്ചു.
നിയമങ്ങളില്‍ ഭേദഗതിക്ക് തയ്യാറെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം ഇപ്പോഴുളള നിയമത്തില്‍ പിഴവുണ്ടെന്നല്ല. കര്‍ഷകരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ട്രെയിന്‍ വഴി കൊണ്ടുപോകാനാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്നും ഇപ്പോള്‍ ശീതീകരണ സംവിധാനമുളള നൂറു കിസാന്‍ റെയില്‍ ട്രെയിനുകളുമാണ് തുടങ്ങിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വില കിട്ടാന്‍ അവ സഹായകരമാവുന്നുവെന്നും കൃഷി മന്ത്രി വ്യക്തമാക്കി.