മയക്കുമരുന്ന് കൊണ്ടുവന്നത് നടിമാർക്ക് കൈമാറാൻ; എത്തിച്ചത് ഡിമാന്‍റുള്ള വിദേശ നിർമ്മിത ഐറ്റം; അന്വേഷണം ശക്തം

മയക്കുമരുന്ന് കൊണ്ടുവന്നത് നടിമാർക്ക് കൈമാറാൻ; എത്തിച്ചത് ഡിമാന്‍റുള്ള വിദേശ നിർമ്മിത ഐറ്റം; അന്വേഷണം ശക്തം

മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറത്തെ ഒരു റിസോർട്ടിൽ താമസിക്കുന്ന സിനിമാ നടിമാർക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് അറസ്റ്റിലായ മുഹമ്മദ് ഷബീബ് പറയുന്നത്.

ഡിമാന്‍റ് ഏറെയുള്ള വിദേശ നിർമ്മിത എംഡിഎംഎയ്ക്കായി കൊച്ചിയിൽ നിന്ന് രണ്ട് നടിമാർ എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരെ കാത്താണ് റിസോർട്ടിൽ എത്തിയതെന്നും ഷബീബ് പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ നടിമാർ ഉൾപ്പടെയുള്ളവരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് മലപ്പുറം എസ് പി ആർ. വിശ്വനാഥ് പറഞ്ഞു. ക്രിസ്തുമസ്, ന്യൂ ഇയർ പാർട്ടികൾക്കായി എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ മലപ്പുറത്തേക്ക് എത്തുന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാഴക്കാടിന് സമീപമുള്ള അഴിഞ്ഞില്ലത്തെ റിസോർട്ടിൽ പൊലീസും ഡാൻസാഫ് ടീമും സംയുക്ത പരിശോധന നടത്തിയത്. ഇതിനിടെയാണ് റിസോർട്ടിൻ്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.

വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വീര്യം കൂടിയ 510 ഗ്രാം സെമി ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് കയ്യോടെ പൊക്കി. ലഹരിമരുന്ന് ഒമാനില്‍ നിന്ന് എത്തിച്ചതാണെന്ന് ഷബീബ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ എംഡിഎംഎ എത്തിച്ചു നൽകിയ ചെമ്മാട് സ്വദേശി അബു ത്വാഹിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

­

Back To Top
error: Content is protected !!