ഹാരി രാജകുമാരനും മേഗനും വേർപിരിഞ്ഞോ?

ഹാരി രാജകുമാരനും മേഗനും വേർപിരിഞ്ഞോ?

ലണ്ടൻ: സദാ വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റി രാജദമ്പതികളാണ് ഹാരി രാജകുമാരനും നടി മേഗൻ മാർക്കിളും. രാജകുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ഇരുവരും ഇപ്പോൾ യു.എസിലാണ് താമസിക്കുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. എന്നാൽ ഇരുവരും വേർപിരിഞ്ഞതായും, രണ്ടിടങ്ങളിലാണ് ജീവിക്കുന്നത് എന്നുമാണ്അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂയോർക്ക് അടക്കമുള്ള സ്ഥലങ്ങളിലേക്ക് അടുത്തിടെ ഹാരി നടത്തിയ ചില സോളോ ട്രിപ്പുകൾ വേർപിരിയൽ റിപ്പോർട്ടിന് കൂടുതൽ ബലം നൽകി. യു.കെ, ലെസോതോ എന്നിവിടങ്ങളിലേക്ക് ഹാരി യാത്രകൾ നടത്തിയെന്നും അപ്പോഴൊക്കെ അദ്ദേഹത്തെ ഏറെ സന്തോഷവാനായി കാണപ്പെട്ടു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

ചാരിറ്റി പ്രവർത്തനങ്ങളടക്കം എല്ലാ ചടങ്ങുകൾക്കും ഹാരിയെയും മേഗനെയും സാധാരണയായി ഒരുമിച്ചാണ് കാണാറുണ്ടായിരുന്നത്. എന്നാൽ അടുത്തിടെ നടന്ന പരിപാടിയിൽ മേഗൻ തനിച്ചാണ് വന്നത്. മാത്രമല്ല, ഹാരിയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മേഗൻ വിട്ടുനിന്നതായും വാർത്തയുണ്ട്. 40ാം പിറന്നാൾ സുഹൃത്തുക്കൾക്കൊപ്പമാണ് ഹാരി ആഘോഷിച്ചത്.

സഹോദരൻ വില്യം രാജകുമാരനുമായുണ്ടായ പ്രശ്നങ്ങളാണ് ഹാരി കൊട്ടാരത്തിൽ നിന്ന് പടിയിറങ്ങാനുള്ള കാരണം. ഗർഭിണിയായിരിക്കെ പോലും കൊട്ടാരത്തിൽ നിന്ന് നിറത്തിന്റെയും മറ്റും പേരിൽ രാജകുടുംബത്തിൽ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് പലതവണ മേഗൻ തുറന്നുപറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ പിന്തുണയുമായി ഹാരി കൂടെ ഉണ്ടായിരുന്നു. ഇരുവർക്കുമിടയിൽ അസ്വാരസ്യം ഉടലെടുത്തപ്പോഴാണ് ട്രയൽ എന്ന നിലയിൽ വേർപിരിഞ്ഞു കഴിയാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഈ റിപ്പോർട്ടുകൾ ഹാരിയും മേഗനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തള്ളി. ഇരുവരും വ്യക്തിപരമായ പ്രോജക്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും പരസ്പരം പിന്തുണ നൽകി കരിയറിൽ മുന്നോട്ട് പോകാനുള്ള അവസരം ഒരുക്കുകയാണ് രണ്ടുപേരും എന്നാണ് ഹാരിയുടെയും മേഗന്റെയും അടുത്ത സുഹൃത്തുക്കൾ പറയുന്നത്. ഹോളിവുഡ് സിനിമകളിലും സ്വന്തം ബിസിനസിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മേഗന്റെ ലക്ഷ്യം. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാനാണ് ഹാരിയുടെ തീരുമാനം.

Back To Top
error: Content is protected !!