ആരാധകർ കാത്തിരുന്ന ബോളിവുഡിലെ ഏറ്റവും സമ്പന്നരായ വനിതാ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തിറങ്ങി. ആലിയ ഭട്ടിനെയും, പ്രിയങ്ക ചോപ്രയെയും പിന്തള്ളി ജൂഹി ചൗളയാണ് ഒന്നാമത് എത്തിയിരിക്കുന്നത്. 4600 കോടിയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്കുള്ളത്.
സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടംനേടിയിട്ടുണ്ട്. ഹുറൂണ്‍ റിച്ച് ലിസ്റ്റ് 2024-ലാണ് ജൂഹി മുന്നില്‍നില്‍ക്കുന്നത്. തന്റെ പിന്നിലുള്ള മറ്റു നടിമാരേക്കാള്‍ ബഹുദൂരം മുന്നിലാണ് ജൂഹി. കഴിഞ്ഞ ഒരു ദശകത്തിനിടെ താരം സിനിമയിൽ സജീവമല്ല എന്നതും ശ്രദ്ധേയമാണ്.
ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ബിസിനസ്സ് നിക്ഷേപങ്ങളില്‍ നിന്നാണ്, റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി ചൗള. നിരവധി ക്രിക്കറ്റ് ടീമുകളുടെ (ഐപിഎല്ലിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉള്‍പ്പെടെ) സഹ ഉടമയുമാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമാണ്. കോടീശ്വരനായ ഭര്‍ത്താവുമായി സംയുക്തമായി മറ്റ് ബിസിനസുകളില്‍ നിക്ഷേപമുള്ളതായാണ് റിപ്പോര്‍ട്ട്.
രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്. ആലിയ ഭട്ടും ദീപിക പദുക്കോണും അടങ്ങിയതാണ് ആദ്യ അഞ്ച് ധനികരുടെ പട്ടിക. ജൂഹി ചൗളയുടെ സമ്പത്തിന്റെ ഉറവിടം സിനിമ മാത്രമല്ല. 90 കളിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നുവെങ്കിലും ജൂഹിയുടെ അവസാന ബോക്സ് ഓഫീസ് ഹിറ്റ് 2009-ല്‍ ആയിരുന്നു.