Boat Accident | താനൂര്‍ ബോട് അപകടം: മരിച്ചവരുടെ എണ്ണം 22 ആയി, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

Boat Accident | താനൂര്‍ ബോട് അപകടം: മരിച്ചവരുടെ എണ്ണം 22 ആയി, സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം

താനൂരില്‍ വിനോദ സഞ്ചാര ബോട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ആറ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും അടക്കമാണ് ജീവന്‍ നഷ്ടമായത്. ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച രാത്രി 7.30 മണിയോടെ മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യം ഒന്ന് ചരിഞ്ഞ ബോട് പിന്നീട് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏറെ ദുഷ്‌കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി. കൈക്കുഞ്ഞുങ്ങള്‍ അടക്കം മുങ്ങിതാണു. കെട്ടിവലിച്ചും ജെസിബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട് കരയ്ക്കടുപ്പിച്ചത്.

രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും കോഴിക്കോട് മെഡികല്‍ കോളജിലും മറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണെന്നും ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു. ബോട്ടിന് ഫിറ്റ്‌നസ് ലഭിച്ചതില്‍ അടക്കം പരിശോധന നടക്കും. മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട് യാത്രയെന്ന് പൊലീസ് പറഞ്ഞു.

മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്വിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്ല (7), ഹുസ്‌ന (18), ശംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ശിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്വിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ശഹറ, റുശ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ  മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആഇശബീ, മകള്‍ അദില ശെറി, കുന്നുമ്മല്‍ ആവായില്‍ ബീചില്‍ റസീന, അര്‍ശാന്‍ എന്നിവരെ തിരിച്ചറിഞ്ഞു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക ദുഖാചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ താനൂരിലെത്തും.

Back To Top
error: Content is protected !!