കാസര്‍കോട് : ജ്വലറി ഉടമയുടെ ബുള്ളറ്റില്‍ വാനിടിച്ച് വീഴ്ത്തി പണം കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജി എന്ന എ സുജിത്ത്, എറണാകുളം ജില്ലയിലെ സിയാദ് എന്ന എന്‍ കെ നിയാസ് (31) എന്നിവരെയാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടികെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
ചുള്ളിക്കരയിലെ പവിത്ര ജ്വലറി ഉടമ ഇരിയ ബംഗ്ലാവിന് സമീപത്തെ ബാലചന്ദ്രനെ(43) ജുലൈ 19ന് രാത്രി 10 മണിയോടെ കാഞ്ഞങ്ങാട് പാനത്തൂര്‍ ദേശീയപാതയില്‍ ഇരിയ ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപത്ത് വെച്ചാണ് അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് കേസ്. സംഭവത്തില്‍ നേരത്തെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സത്താര്‍(41), ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ കലാം(51) എന്നിവരെ ആദ്യം കേസന്വേഷിച്ച അമ്പലത്തറ സിഐ ആയിരുന്ന രഞ്ജിത്ത് രവിയും സംഘവും അറസ്റ്റ് ചെയ്തിരുന്നത്. സംഭവത്തിന് ശേഷം മൈസൂരു, ഊട്ടി, തിരിച്ചുറപ്പള്ളി എന്നിവടങ്ങളില്‍ കറങ്ങിയ ഇവര്‍ കയ്യിലെ പണം തീര്‍ന്ന ശേഷമാണ് ട്രെിനില്‍ കാസര്‍കോട്ടെത്തിയത്. പ്രതികളുടെ പിന്നാലെ ഉണ്ടായിരുന്ന പൊലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
വണ്ടിയിടിച്ച് വീഴ്ത്തി കണ്ണില്‍ മുളക് പൊടി വിതറി പണം തട്ടാനായിരുന്നു ഇവരുടെ ശ്രമമെന്നും എന്നാല്‍ പെട്ടെന്ന് ആളുകള്‍ ഓടിക്കൂടിയതോടെ ബാലചന്ദ്രനെ ഉപേക്ഷിച്ച് പ്രതികള്‍ വാഹനത്തില്‍ തന്നെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. സംഭവം നടന്ന് മിനിടുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ പൊലീസ് പ്രതികളുടെ വാഹനം പിന്തുടരുകയും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികളില്‍ രണ്ട് പേരെ പിറ്റേ ദിവസം തന്നെ പിടികൂടുകയുമായിരുന്നു.< !- START disable copy paste –>