ഏഷ്യനെറ്റ് ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട നിരവധി വാർത്താപരിപാടികൾ മലയാളം ചാനലുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു വനിതാ മാധ്യമപ്രവർത്തക ആദ്യമായാണ് ഇത്രയധികം കാലം ഒരേ പരിപാടിയുടെ മുഖമായി നിൽക്കുന്നത്. പ്രതിദിന രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പരിപാടി അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സിന്ധുസൂര്യകുമാർ തയ്യാറാക്കുന്ന ഉള്ളടക്കം പക്ഷേ രാഷ്ട്രീയ വിഷയങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ പ്രിയ പരിപാടികളിൽ ഒന്നായി തുടരുന്നു.
തലമുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ചെയ്തികളെയും വാക്കുകളെയും രൂക്ഷമായ ഭാഷയും പരിഹാസവും ഇടകലർത്തി സിന്ധു സൂര്യകുമാർ വിമർശിക്കുന്നത് മലയാളിയുടെ പരമ്പരാഗത പുരുഷാധിപത്യ ശീലങ്ങളെ തുടക്കത്തിൽ അലോസരപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് ശീലവും സ്വീകാര്യവുമായി.
രാഷ്ട്രീയ വിശകലനവും വിമർശനവുമെല്ലാം കൊള്ളേണ്ടിടത്ത് കൊള്ളുന്നെന്ന് തിരിച്ചറിയുംവിധമുള്ള അസഹിഷ്ണുതയുടെ മറുശബ്ദങ്ങൾ പരിപാടിക്ക് മാറ്റും പൂർണതയുമേകി. കടുത്ത വിമർശനങ്ങളുടെ വാളെടുത്തവർ പോലും ഒരാഴ്ച വിടാതെ ആ പെൺശബ്ദത്തിന് ചെവിയോർത്തത് അതിൻറെ ആധികാരികതയ്ക്കും പ്രസക്തിക്കും തെളിവായി.
പൊതുസമൂഹം,രാഷ്ട്രീയം,മാധ്യമം എന്ന ത്രയത്തിന്റെ പെരുമാറ്റച്ചങ്ങളിലും പരസ്പര മര്യാദകളിലും മാതൃകാ പരമല്ലാത്ത പല കീഴ് വഴക്കങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ കവര്‍സ്റ്റോറി പോലെയുള്ള പരിപാടികൾ ഇരുതല മൂർച്ചയുള്ള വാളുകളായി മാറിയിട്ടുണ്ട്.
ഓങ്ങുന്നവനും തടുക്കുന്നവനും ഒരുപോലെ തലപോകാതെ നോക്കേണ്ട വിചിത്രമായ സാഹചര്യം. ഭരണകൂടങ്ങൾ പ്രതിപക്ഷ ബഹുമാനമില്ലാതെ പെരുമാറുകയും അവയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളെ ഭീഷണമായ ആയുധങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോൾ മാധ്യമങ്ങൾക്കും പരമ്പരാഗതമായ പരസ്പര മര്യാദകളുടെ പെരുമാറ്റച്ചട്ടത്തെ മാറ്റിവയ്‌ക്കേണ്ടി വരുന്നുണ്ട്. ആരെടാ എന്നു വിരട്ടുന്നവനോട് എന്തെടാ എന്നു അതേ ഒച്ചയിൽ പറയേണ്ടി വരുന്നു ഇക്കാലത്ത് മാധ്യമങ്ങൾക്കും. ധാർഷ്ട്യത്തെ അതിനുമപ്പുറം ധാർഷ്ട്യംകൊണ്ടും പരിഹാസത്തെ അതിനുമപ്പുറം പരിഹാസംകൊണ്ടും നേരിട്ടപ്പോൾ പലപ്പോഴും കവര്‍സ്റ്റോറിയും വിമർശനത്തിന് അതീതമല്ലാതായി.
കവര്‍സ്റ്റോറിയിലെ മറുവാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് അവതാരകയും പരിപാടിയും സ്ഥാപനവുംവരെ വിമർശിക്കപ്പെട്ടു. എന്തും ആപേക്ഷികമാകുന്നതുകൊണ്ട് തന്നെ കവര്‍സ്റ്റോറിയുടെ സ്വഭാവത്തെ ന്യായീകരിക്കാനോ ഉദാത്തവത്കരിക്കാനോ ആകാത്തവിധത്തിൽ അതിന് തനത് സ്വഭാവം കൈവന്നു. അപ്പോഴും പക്ഷഭേദമെന്ന് മുറവിളി കൂട്ടിയവരോട് സാധാരണക്കാരൻറെ പക്ഷമെന്ന് പരിപാടി വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാകണം വിമർശിക്കപ്പെടുമ്പോഴും സിന്ധു സൂര്യകുമാറിനും കവർ സ്റ്റോറിക്കും മലയാളി പ്രേക്ഷകർ കണ്ണും കാതും നൽകിവരുന്നത്.