മുംബൈ: മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകി ബിജെപി എംഎൽഎയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. റിയാസ് ഷെയ്ഖ്(41), യോഗേഷ് കുൽക്കർണി(57), സാഗർ സാങ്‌വായി(37), ജാഫർ അഹമ്മദ് റാഷിദ് അഹമ്മദ് ഉസ്മാനി(53) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ ആൻറി എക്‌സ്‌റ്റോർഷൻ സെൽ അറസ്റ്റ് ചെയ്തത്. പൂനെ ദൗന്ദ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎ രാഹുൽ കുലിനെയാണ് വഞ്ചിക്കാൻ ശ്രമിച്ചത്. ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കാബിനറ്റ് പദവി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു വാഗ്ദാനം.
പ്രതിയായ ഷെയ്ഖ് കഴിഞ്ഞാഴ്ച എംഎൽഎയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്നും തുടർന്ന് പേഴ്‌സണൽ അസിസ്റ്റൻറിനെ ബന്ധപ്പെട്ട് നരിമാൻപോയൻറിൽ വെച്ച് കൂടിക്കാഴ്ച ഒരുക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എംഎൽഎയെ കാണാനായി ഡൽഹിയിൽനിന്ന് മുംബൈയിലേക്ക് വന്നതാണെന്ന് ഷെയ്ഖ് പറഞ്ഞതായും അദ്ദേഹം അറിയിച്ചു. നൂറു കോടി നൽകിയാൽ മന്ത്രി പദവി തരപ്പെടുത്തി തരാമെന്ന് പ്രതി പറഞ്ഞതായും ചൂണ്ടിക്കാട്ടി. കരാറിന് താൻ സന്നദ്ധനാണെന്ന് അഭിനയിച്ച എംഎൽഎ 90 കോടിക്ക് ഇടപാട് ഉറപ്പിച്ചു. തുടർന്ന് തുകയുടെ 20 ശതമാനമായ 18 കോടി ഷെയ്ഖ് ആദ്യം ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് പണം ഏറ്റുവാങ്ങാനായി ഷെയ്ഖിനെ പ്രമുഖ ഹോട്ടലിലേക്ക് വിളിച്ച കുൽ മുംബൈ പൊലീസിലെ ഉന്നതരെയും വിവരം അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പണം സ്വീകരിക്കാനായെത്തിയ ഷെയ്ഖിനെ പിടികൂടുകയായിരുന്നു. രാഹുൽ കുലും പി.എയും ബിജെപി എംഎൽഎ ജയ്കുമാറും സംഭവസ്ഥലത്തുണ്ടായിരുന്നു.
അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഷെയ്ഖ് മറ്റു മൂന്നു പ്രതികളുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. ഇവരെ ചൊവ്വാഴ്ച സൗത്ത് മുംബൈയിലെ നാഗ്പാഡയിൽ നിന്നും താനെയിൽ നിന്നും പിടികൂടുകയും ചെയ്തു. കുൽക്കർണി, സാങ്‌വായ് എന്നിവരെ താനെയിൽനിന്ന് പിടികൂടിയപ്പോൾ ഉസ്മാനിയെ നാഗപാഡയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
The post 90 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ബിജെപി എംഎൽയെ വഞ്ചിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ appeared first on Media Mangalam.