തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചവരെ തള്ളിയിട്ട എൽ ഡി എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫും ചേർന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
‘മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ എന്ന് ഇ.പി. ജയരാജൻ ആക്രോശിച്ചു. മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് മർദിച്ചു. കഴുത്ത് ഞെരിച്ചു’– എഫ്ഐആറിൽ പറയുന്നു.
സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ സഹിതം വലിയതുറ പൊലീസ് കേസെടുത്തിരുന്നു. ഇ.പി.ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടതിനെ തുടർന്നാണ് വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്സനൽ സ്റ്റാഫ് അനിൽ കുമാർ രണ്ടാം പ്രതിയും വി.എം.സുനീഷ് മൂന്നാം പ്രതിയുമാണ്.
കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ കൈയേറ്റം ചെയ്ത കേസിൽ മുൻ മന്ത്രി ഇ. പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അടക്കമുള്ളവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം.
മനപ്പൂർവമല്ലാത്ത നരഹത്യ, വധ ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയുവാനാണ് കോടതി നിർദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് ലെനി തോമസിന്റേതാണ് ഉത്തരവ്. ഇ.പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, സുനീഷ് വി.എം എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക.
ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പറന്ന ഇൻഡിഗോ വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. മുഖ്യമന്ത്രിക്കൊപ്പം യാത്രചെയ്ത ജയരാജൻ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുതള്ളുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഇൻഡിഗോ വിമാനത്തിൽ യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു.
കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വൻ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
The post `മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ`; മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു`; ഇ പി ജയരാജനെതിരെയുള്ള എഫ്ഐആറിന്റെ പകർപ്പ് പുറത്ത് appeared first on Media Mangalam.