സ്വർണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തിയ യുവതി 2 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങളുമായി മുങ്ങി. മൂന്നാർ ജിഎച്ച് റോഡിലെ ആഭരണശാലയിലാണ് മോഷണം. തിങ്കളാഴ്ച രാവിലെ 10.20നാണ് യുവതി കടയിലെത്തിയത്. കോയമ്പത്തൂർ സ്വദേശിയാണെന്നും പേര് രേഷ്മയെന്നാണെന്നും മലേഷ്യയിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. 3 ജോടി കമ്മലും ഒരു ബ്രേസ്‌ലെറ്റും ഒരു ലോക്കറ്റും വാങ്ങുകയും അതിന്റെ വിലയായ 77,500 രൂപ അപ്പോൾത്തന്നെ നൽകുകയും ചെയ്തു.
അതിനുശേഷം 36 ഗ്രാം തൂക്കമുള്ള രണ്ട് മാലകൾ എടുത്ത് പരിശോധിക്കുകയും വില ചോദിക്കുകയും ചെയ്തു. തുടർന്ന് അതിന് 9,000 രൂപ അഡ്വാൻസ് നൽകി. ഭർത്താവും മക്കളും ഹോട്ടൽ മുറിയിലാണെന്നും വൈകിട്ട് 5നു ഭർത്താവിനൊപ്പം വന്നു ബാക്കി തുക നൽകി വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ് ഇവർ പോവുകയായിരുന്നു. എന്നാൽ, വൈകിട്ട് യുവതി എത്തിയില്ല.
കട അടയ്ക്കുന്ന സമയത്ത് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകൾ ഇല്ലെന്നറിഞ്ഞത്. കടയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ യുവതി ഇവ പഴ്സിൽ വയ്ക്കുന്ന ദൃശ്യം കണ്ടു. കടയുടമ പൊലീസിൽ പരാതി നൽകി.
crimenews-idukki-gold-theft-case