താനൂർ : കടയിൽ മതപ്രഭാഷണം സംഘടിപ്പിച്ച യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ എസ്ഡിപിഐ സംഘത്തിന്റെ ശ്രമം. ഒഴൂർ ഹാജിപ്പടിയിൽ ആക്രികച്ചവടം നടത്തുന്ന അഹമ്മദ് കബീറി (47)നെയാണ് എസ്ഡിപിഐ സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു ആക്രമണം. കടയോട് ചേർന്നുള്ള മുറിയിൽ നമസ്കരിക്കുന്നതിനിടെയാണ് എസ്ഡിപിഐ പ്രവർത്തകൻ അബ്ദുവിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പേർ ആക്രമിച്ചത്. ആക്രമണത്തിൽ കബീറിന്റെ കണ്ണിനും തലയ്ക്കും കൈയ്ക്കും പരിക്കേറ്റു.
അബോധാവസ്ഥയിലായിരുന്ന കബീറിനെ വഴിയാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. കബീർ ഭാര്യയുമായി താനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അവശനായതോടെ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഹാജിപ്പടിയിൽ സ്റ്റുഡിയോ നടത്തുകയാണ് ആക്രമിച്ച അബ്ദു. തന്നെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അബ്ദുവും സംഘവും ആക്രമിച്ചതെന്ന് കബീർ താനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇടതുപക്ഷ അനുഭാവമുള്ള കബീർ, മതവിശ്വാസിയുമാണ്. മതവിശ്വാസിയായ തനിക്ക് എങ്ങനെ ഇടതുപക്ഷക്കാരനായി പ്രവർത്തിക്കാൻ കഴിയും എന്ന് ചോദിച്ച് പലപ്പോഴും ആശയപരമായി തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് കബീർ പറഞ്ഞു. ഇസ്ലാമിന്റെ ശത്രുക്കളെ നേരിടാൻ എല്ലാ വിധ സജീകരണങ്ങളുമായി നിൽക്കുകയാണെന്ന് അബ്ദു കബീറിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ആലപ്പുഴ കായംകുളം സ്വദേശിയായ കബീർ എടക്കടപുറം മൂന്നു പള്ളിക്കുസമീപമാണ് താമസം.