കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോൻ) ലൈംഗിക അതിക്രമ പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നു പിടിച്ചതായും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
റെഡ്ഡിറ്റിലൂടെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയുടെ ആരോപണം. ലൈംഗിക അതിക്രമം നേരിടേണ്ടി വന്നവർ തുറന്നു പറച്ചിൽ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലൂടെയാണ് യുവതി ദുരനുഭവം തുറന്ന് പറഞ്ഞത്. സിനിമയിൽ തിരക്കുള്ള നടൻ ആകുന്നതിന് മുൻപ് അഭിനയം പഠിപ്പിച്ചിരുന്ന കാലത്ത് നടൻ നടത്തിയ അതിക്രമമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
നടൻ അഭിനയം മെച്ചപ്പെടുത്താനെന്ന പേരിൽ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പർശിക്കുന്നതെന്നായിരുന്നു മാതാപിതാക്കളുടെ തെറ്റിദ്ധാരണ. അതിക്രമം രൂക്ഷമായതോടെ ക്ലാസ് നിർത്തിയെങ്കിലും ഫോണിലൂടെ ലൈംഗിക ചുവയിൽ സംസാരിക്കുന്നത് തുടർന്നെന്ന് യുവതി പറയുന്നു.
തുടർന്ന് അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവർ പിന്തുണച്ചില്ലെന്ന് യുവതി വെളിപ്പെടുത്തി. അനീഷ് ഗോപിനാഥൻ പിന്നീട് സിനിമയിൽ തിരക്കുള്ള നടനായി. അതിക്രമത്തിന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാൻ കഴിയാതെ അനീഷിനെ സ്ക്രീനിൽ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവെന്നും യുവതി പറയുന്നു.യുവതിയുടെ വെളിപ്പെടുത്തലിനോട് നടൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.