പാലക്കാട് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്തിനെ ( RSS Worker Sanjith Murder ) കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂനാണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് മാസങ്ങൾ കഴിഞ്ഞാണ് മുഖ്യ സൂത്രധാരനെ പൊലീസിന് പിടികൂടാനായത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകനാണ് പിടിയിലായ മുഹമ്മദ് ഹാറൂൻ.
ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സലാമിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയതും പ്രതികൾക്ക് ഒളിവിൽ താമസിക്കുന്നതിന് പദ്ധതികൾ രൂപീകരിച്ചതും ഹാറൂനാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. കേസിലെ എട്ടാം പ്രതി അബ്ദുൾ ഹക്കീമിന് കോടതി ജാമ്യം നൽകിയതിനെതിരെ അപ്പീൽ പോകുമെന്നും പാലക്കാട് എസ് പി വ്യക്തമാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.