ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ(Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ(Dulquer Salman) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍( Srinath Rajendran) സംവിധാനം ചെയ്ത കുറുപ്പിന്(Kurup) തീയേറ്ററുകളില്‍ അതി ഗംഭീര സ്വീകരണം. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊന്നതിന് ശേഷം കാണാമറയത്ത് ഒളിക്കുന്ന കുറുപ്പും കുറുപ്പിനെ തേടിയുള്ള ഡി വൈ എസ് പി കൃഷ്ണദാസിന്റെ അന്വേഷണവുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. സുകുമാര കുറുപ്പ് ആയി ദുൽഖർ സൽമാൻ എത്തുമ്പോൾ ഡി വൈ എസ് പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് സുകുമാരനും ഒപ്പത്തിനൊപ്പം നിൽക്കുന്നു.
കേരളം ഒന്നടങ്കം അറിയുന്ന കുറുപ്പിന്റെ കഥ വിരസതയില്ലാതെ പ്രേക്ഷകരുടെ മുന്നിൽ അടിമുടി ദുരൂഹതയോടുകൂടി എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ചിത്രത്തിൽ ദുല്‍ഖര്‍ നിറഞ്ഞാടുകയാണ്. മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരു താരം എത്തിയിട്ടുണ്ടാകില്ല. പണത്തിനു വേണ്ടിയുള്ള കൊലപാതകവും ഒളിവു ജീവിതവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു.
ഇന്ദ്രജിത്തും ഷൈൻ ടോം ചാക്കോയും ശോഭിത എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. സുരഭി ലക്ഷ്മി, വിജയ രാഘവൻ, ഭരത്, ശിവജിത് പദ്മനാഭൻ, മായാ മേനോൻ, വിജയകുമാർ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ആനന്ദ് ബാൽ, ഹാരിഷ് കണാരൻ, എം ആർ ഗോപകുമാർ, പി ബാലചന്ദ്രൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, കൃഷ് എസ് കുമാർ, സാദിഖ് മുഹമ്മദ്, സുധീഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തു.