നിലവിലെ വാടകനിയമങ്ങൾ പരിഷ്കരിക്കുകയോ പുതിയനിയമങ്ങൾ ഉണ്ടാക്കുകയോ ചെയ്യാൻ സഹായിക്കുന്ന ‘മാതൃകാ വാടകനിയമ’ത്തിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പുതിയ നിയമനിർമാണം നടത്താൻ മാതൃകാനിയമം സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കും. ആൾപ്പാർപ്പില്ലാത്ത വീടുകൾ വാടക ആവശ്യത്തിന് ഉപയോഗിക്കാൻ മാതൃകാനിയമം സഹായകമാവും. സ്വകാര്യ സംരംഭകർക്ക് ബിസിനസ് മോഡലായി ഈ രംഗത്തേക്ക് കടന്നുവരാനും വീടുകളുടെ ദൗർലഭ്യം കുറയ്ക്കാനും സാധിക്കുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു. എല്ലാ തലത്തിലുമുള്ള വരുമാനക്കാർക്കായി ആവശ്യത്തിന് വാടകവീടുകൾ ലഭ്യമാകണം. വീടില്ലായ്മ എന്ന പ്രശ്നം അതുവഴി പരിഹരിക്കാനാവും.
മാതൃകാ വാടകനിയമം
*താമസം, വാണിജ്യ-വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്ക് കെട്ടിടങ്ങൾ വാടകയ്ക്കുനൽകുന്നതിന് ബാധകം. വ്യാവസായിക ആവശ്യങ്ങൾ, ലോഡ്ജിങ്, ഹോട്ടൽനടത്തിപ്പ് എന്നിവയ്ക്ക് ബാധകമല്ല. *നിലവിലെ വാടകക്കാരെ ബാധിക്കില്ല. വ്യവസ്ഥകൾക്ക് മുൻകാല പ്രാബല്യമില്ല *വാടകക്കരാർ നിർബന്ധം, *താമസത്തിനാണ് വാടകയ്ക്കെടുക്കുന്നതെങ്കിൽ രണ്ടുമാസത്തെയും വാണിജ്യാവശ്യങ്ങൾക്കാണെങ്കിൽ ആറുമാസത്തെയും വാടക മുൻകൂറായി വാങ്ങാം.*വാടകകൂട്ടൽ, വാടകക്കാരനെ ഒഴിപ്പിക്കൽ എന്നിവ സംബന്ധിച്ച് സുതാര്യമായ വ്യവസ്ഥകൾ.*വാടക അതോറിറ്റി, വാടകക്കോടതി, വാടക ട്രൈബ്യൂണൽ എന്നിവ രൂപവത്കരിക്കണം.*വാടകകൂട്ടുന്നതിന് മൂന്നുമാസംമുമ്പ് അക്കാര്യം രേഖാമൂലം അറിയിക്കണം.*തർക്കമുണ്ടായാൽ വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിക്കരുത്.*24 മണിക്കൂർമുമ്പ് നോട്ടീസ് നൽകാതെ കെട്ടിട ഉടമ അറ്റകുറ്റപ്പണികൾ നടത്താൻ വാടകക്കെട്ടിടത്തിൽ പ്രവേശിക്കരുത്.