കൊച്ചി ∙ പെരുമ്പാവൂരിൽ എൻഡിഎയ്ക്ക് തിരഞ്ഞെടുപ്പിനു മുമ്പേ തിരിച്ചടി. പെരുമ്പാവൂരിൽ സ്ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തുടർന്ന് ഇന്ന് പെരുമ്പാവൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോ റദ്ദാക്കി. വോട്ടർ പട്ടികയിൽ പേരില്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിത്വം തള്ളിപ്പോകാൻ ഇടയുള്ളതിനാൽ കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരുന്നു എന്നാണ് എൻഡിഎ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ.
തൃപ്പൂണിത്തുറയിലെ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസം. എന്നാൽ ഇവിടെ ഇവർക്ക് വോട്ടില്ല എന്നാണ് വിവരം. തൃക്കാക്കരയിൽ ഒരു ഫ്ലാറ്റ് ഉണ്ടെങ്കിലും ഇവിടെയും വോട്ടർപട്ടികയിൽ പേരില്ലെന്നാണ് സൂചനകൾ. പെരുമ്പാവൂരിൽ എൻഡിഎയുടെ വലിയ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തുറന്നിരുന്നു. തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന റോഡ് ഷോ ഉൽഘാടനം ചെയ്യാനായി കേന്ദ്ര ഹെവി ഇൻഡസ്ട്രീസ്, സ്റ്റീൽ സഹമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ സ്റ്റേജിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ല എന്ന കാര്യം സംഘാടകർ അറിയുന്നത്. തുടര്‍ന്ന് റോഡ് ഷോ റദ്ദാക്കി. കേന്ദ്രമന്ത്രിയടക്കം പദയാത്ര നടത്തി പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. ലക്ഷ്മിപ്രിയയ്ക്ക് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വരാൻ സാധിച്ചില്ല എന്നാണ് സ്ഥാനാർഥിയുടെ അസാന്നിധ്യത്തെ കുറിച്ച് സംഘാടകർ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് എൻഡിഎയുടെ സ്ഥാനാർഥികളായി ചലച്ചിത്ര നടിമാരെ പ്രഖ്യാപിച്ചത്. പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയയ്ക്കു പുറമെ തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ, ഏറ്റുമാനൂരിൽ വീണ നായർ എന്നിവരായിരുന്നു സ്ഥാനാർഥികൾ. ഇതിനു പുറമെ തൃക്കാക്കരയിൽ റിയാലിറ്റി ഷോ വിജയി അഖിൽ മാരാരുടെ സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചിരുന്നു. ലക്ഷ്മിപ്രിയയ്ക്ക് പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ 23ന് മുമ്പ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിയുമോ? അതല്ലെങ്കിൽ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുക തുടങ്ങിയ കൂടിയാലോചനകളാണ് എൻഡിഎ ക്യാംപിൽ നടക്കുന്നത്.

