ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ഇന്ന്, ഇറാനും ലബനനിലെ ഹിസ്ബുല്ലയ്ക്കുമെതിരെ ഞങ്ങൾ നടത്തുന്ന യുദ്ധം ശക്തമാക്കുന്ന തരത്തിൽ ചില പ്രധാനപ്പെട്ട സർപ്രൈസുകൾ വരാനുണ്ട്’–കാട്സ് പറഞ്ഞു. ഇറാനിൽ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വർധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാൻ ഇന്റലിജൻസ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ താനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇസ്രയേൽ സൈന്യത്തിന് എല്ലാ അധികാരവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇസ്രയേലിനായി ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. ഇസ്രയേലും അമേരിക്കയുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വധശിക്ഷയാണിത്. രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഇസ്രയേൽ ചാരസംഘടനയായ മൊസാദിനു കൈമാറി എന്ന കുറ്റത്തിനാണ് ഇയാളെ വധിച്ചത്. കൗറൂഷ് കീവാനി എന്നയാളാണ് വധശിക്ഷയ്ക്ക് വിധേയനായത്.
കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കൗറൂഷ് കീവാനി പിടിയിലായത്. ആറ് യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലുമായി ഇയാൾ മൊസാദ് ഏജന്റുമാരിൽ നിന്ന് പരിശീലനം നേടിയതായാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തങ്ങളുടെ ആണവ-സൈനിക രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്ന ഇസ്രയേൽ ചാരന്മാരെ ഇറാൻ കർശനമായി നിരീക്ഷിച്ചു വരികയാണ്. 2024 ജനുവരിയിലും സമാനമായ രീതിയിൽ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാലു പേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു.

