തിരുവനന്തപുരം: തിരക്കിനും ആരവങ്ങള്‍ക്കും ഇടയിലെ മുഖമല്ല ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്. ചലച്ചിത്രമേളയുടെ നിറങ്ങളായിരുന്ന തിയേറ്ററുകള്‍ക്ക് മുന്നിലെ സൗഹൃദക്കൂട്ടായ്മകളും കളിചിരിയും നേരംപോക്കും ഒന്നുമില്ലാതെയാണ് ഇത്തവണത്തെ മേള. മാസ്‌കും, സാനിറ്റൈസറും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഒക്കെയായി പരിചിതമല്ലാത്ത മറ്റൊരു തലത്തിലാണ് ഇരുപത്തിയഞ്ചാമത് മേള നടക്കുന്നത്.
സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും സമാന്തരമായി മേള നടക്കുന്നതിനാല്‍ സ്ഥിരം എത്തിയിരുന്ന ഒട്ടേറെപ്പേര്‍ തലസ്ഥാനത്തെ മേളയുടെ ഭാഗമാകാനെത്തിയിട്ടില്ല. സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള നേരിട്ടുള്ള സംവാദങ്ങളും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്തുന്ന മേള ആയതിനാല്‍ ഓരോ ഡെലിഗേറ്റുകളെയും ശരീര താപനില പരിശോധിച്ചാണ് തിയേറ്ററിനുള്ളിലേക്ക് കടത്തിയത്. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസറും നല്‍കി റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് മാത്രമാണ് തിയറ്ററില്‍ പ്രവേശനം നല്‍കിയത്.