സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍.
ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. 40 മുതല്‍ 50 വയസ്സുവരെയുള്ളവരില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. വളരെ അപൂര്‍വമായി 25 വയസ്സുള്ളവരിലും ഈ രോഗം കണ്ടുവരുന്നു.
കാലിനടിയില് ഉപ്പൂറ്റി മുതല് കാലിന്റെ വിരലുകള് വരെ നീളുന്ന ഭാഗമാണ് പ്ലാന്റര്‍ ഫേസിയെ. മസിലല്ല ഇത്. ഈ ഭാഗത്ത് ഇലാസ്തികത കുറയും. തറയില്‍നിന്നുള്ള ആഘാതത്തില്‍നിന്ന് സംരക്ഷിക്കുന്ന കാല്‍പാദത്തില്‍ കാണപ്പെടുന്ന കട്ടികൂടിയ ചര്‍മമാണിത്. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോള്‍ ഉപ്പൂറ്റിയിലെ എല്ല് കാല്‍ ചര്‍മത്തില്‍ കുത്തിയിറങ്ങുന്നു.
കാലിന്റെ അടിയില്‍ കാണുന്ന വളവാണ് (ആര്‍ച്ച്) നമ്മുടെ ശരീരഭാരത്തെ താങ്ങാന്‍ സഹായിക്കുന്നത്. ഇത് ഇല്ലെങ്കില്‍ ശരീരം താഴോട്ട് പതിക്കും. ചെറിയ, ചെറിയ എല്ലുകള്‍ ചേര്‍ന്നാണ് ഈ ആര്‍ച്ച് ഫൂട്ട് നിലനില്‍ക്കുന്നത്. ഈ വളവില്‍ വില്ലുപോലെയാണ് പ്ലാന്റര്‍ ഫേസിയെ പ്രവര്‍ത്തിക്കുന്നത്. നടക്കുമ്പോള് വലിഞ്ഞുമുറുകിയും അയഞ്ഞും ഇത് ശരീരത്തെയും ചലനങ്ങളെയും ബാലന്‌സ് ചെയ്ത് നിര്ത്തുസന്നു. ഈ പ്ലാന്റര്‍ ഫേസിയെയില്‍ എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങള് വരുമ്പോഴാണ് പ്ലാന്റര്‍ ഫേഷൈ്യറ്റിസ് അഥവാ ഉപ്പൂറ്റിവേദന ഉണ്ടാകുന്നത്.
കാലിന് കൂടുതല്‍ അധ്വാനം കൊടുക്കുന്നവരാണ് കായികതാരങ്ങളും സൈനികരും. തുടര്‍ച്ചയായി കാലിന് സംഭവിക്കുന്ന പരിക്കുകളും മറ്റും കായികതാരങ്ങളില്‍ ഉപ്പൂറ്റിവേദന ക്ഷണിച്ചുവരുത്തും. മാര്‍ച്ച് പാസ്റ്റിനും മറ്റും പങ്കെടുക്കേണ്ടിവരുന്ന സൈനികരിലും ഈ വേദന കണ്ടുവരാറുണ്ട്. ജോലിയില്‍നിന്ന് വിരമിച്ചശേഷം വ്യായാമത്തിലും മറ്റും ശ്രദ്ധിക്കാതെ ശരീരം ഫിറ്റല്ലാതെ വരുമ്പോഴാണ് സൈനികരില്‍ ഉപ്പൂറ്റിവേദന തുടങ്ങുന്നത്.
നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണിത്. എന്നാല്‍, ഏറെ വൈകി ചികിത്സിക്കുമ്പോള്‍ വേദന മാറാന്‍ കാലതാമസമെടുക്കും. മറ്റ് രോഗങ്ങളെപ്പോലെ രക്തപരിശോധനയിലോ എം.ആര്‍.ഐ സ്‌കാനിങ്ങിലൂടെയോ ഇത് കണ്ടെത്താന്‍ സാധിക്കില്ല. ഉപ്പൂറ്റിയിലും മസില് തുടങ്ങുന്ന ഭാഗത്തും ചെറിയ വേദന ഉണ്ടാകും. ആ ഭാഗം അമര്‍ത്തുമ്പോള് നല്ല വേദനയുണ്ടാകും. ഇങ്ങനെയാണ് ഈ രോഗത്തെ ക്ലിനിക്കലി തിരിച്ചറിയുന്നത്. മരുന്നുകൊണ്ടും കൃത്യമായ വ്യായാമം കൊണ്ടുമാണ് ഈ അസുഖത്തെ ഇല്ലാതാക്കാന്‍ സാധിക്കുക.
വളരെയധികം സമയമെടുത്ത് ഭേദമാകുന്ന അസുഖമാണിതെന്ന് തിരിച്ചറിയണം. ചുരുങ്ങിയത് മൂന്നു മുതല്‍ ആറുമാസം വരെയെങ്കിലും സമയമെടുക്കും. ചിലര്‍ക്കാവട്ടെ ഒന്നോ രണ്ടോ വര്‍ഷമെടുക്കും.