വാഗമണ്ണിന്റെ പ്രകൃതിരമണീയതയും കോടമഞ്ഞിന്റെ കുളിര്‍മ്മയും തന്നെയാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനിരകളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സൗന്ദര്യം യാത്രക്കാരുടെ മനസിനെ കുളിര്‍പ്പിക്കും.
സമുദ്രനിരപ്പില്‍ നിന്നും 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ് വാഗമണ്‍ മലനിരകള്‍ക്കുള്ളത്. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, പൈന്‍ മരക്കാടുകളും, സൂയിസൈഡ് പോയിന്റും കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും തേയില തോട്ടങ്ങളും എല്ലാം കൂടി ചേര്‍ന്ന് ശരിക്കും വാഗമണ്ണിന്റെ സൗന്ദര്യം വേറിട്ടതാക്കുന്നു.
സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടങ്ങളില്‍ ഒരു റോക്ക് ക്ലൈംബിംഗാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരഗ്ലൈഡിംഗിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ അതിനും വാഗമണ്ണോളം പറ്റിയൊരു സ്ഥലം വേറെയില്ല. വാഗമണ്ണിലെത്തിയാല്‍ തൊട്ടടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച ശേഷം മാത്രമേ തിരിച്ച് മടങ്ങാവൂ. തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം വാഗമണ്ണിന് അടുത്ത സ്ഥലങ്ങളാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ ഏതു സമയത്തും വാഗമണ്ണിലേക്ക് വണ്ടി കയറാം.
തൊടുപുഴയില്‍ നിന്നും 43 കിലോമീറ്ററും പാലയില്‍ നിന്നും 37 കിലോമീറ്ററും കുമിളിയില്‍ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയില്‍ നിന്നും 40 കിലോമീറ്ററും അകലെയാണ് വാഗമണ്‍. പ്രധാന നഗരമായ കൊച്ചി വാഗമണ്ണില്‍ നിന്നും 102 കിലോമീറ്റര്‍ ദൂരത്താണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍.