വിശ്വാസവും പുരാണവും കൗതുകവും നിറഞ്ഞു നില്‍ക്കുന്നിടമാണ് കൊല്ലം ജില്ലയിലെ ജഡായുപ്പാറ. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഒരിക്കലും നിങ്ങളുടെ യാത്രാലിസ്റ്റില്‍ നിന്നും ജഡായുപ്പാറയെ ഒഴിവാക്കരുത്. ഐതിഹ്യങ്ങളുടെ കെട്ടുപേറുന്ന ജഡായുപ്പാറ നിങ്ങളെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും. രാമായണത്തിലെ വിഖ്യാതമായ പക്ഷിരാജന്‍ ജഡായു രാവണന്റെ വില്ലുകൊണ്ട് വീണത് ഈ പാറയുടെ മുകളിലാണെന്നാണ് ഐതീഹ്യം. ജഡായു വീണുകിടക്കുന്ന മാതൃകയിലാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. അതോടൊപ്പം നിരവധി സാഹസിക സഞ്ചാരത്തിനുള്ള സംവിധാനങ്ങളും കൂട്ടിയിണക്കിയതാണ് ജഡായു നേച്ചര്‍ പാര്‍ക്ക്.
ജഡായു എര്‍ത്‌സ് സെന്റര്‍ ടൂറിസം പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന ഇത് 65 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ തരത്തിലുള്ള ഭൂപ്രകൃതികള്‍ കാണാന്‍ സാധിക്കും. താഴ്‌വരകളും മലകളും കുന്നുകളും കല്ലുകള്‍ നിറഞ്ഞ ഭൂമിയും ഗുഹകളുമൊക്കെയാണ് ഇവിടെയുള്ളത്. കൂറ്റന്‍ പാറയുടെ മുകളിലാണ് ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുണ്ട് ജഡായു ശില്പത്തിന്. ശില്പത്തിനുള്ളില്‍ ഒരു മ്യൂസിയവും ഒരുക്കിയിരിക്കുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണീയത. സാങ്കേതിക ലോകത്തെ ദൃശ്യവിസ്മയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 6ഡി തിയേറ്ററും ഇതിനുള്ളില്‍ സഞ്ചാരികള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രകൃതിയുടെ മനോഹാരിത പ്രകടമാക്കുന്നതിനോടൊപ്പം സാഹസികതയും ഇവിടെ കൈക്കോര്‍ക്കുകയാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പെയിന്റ് ബാള്‍, ലേസര്‍ ടാഗ്, അമ്പെയ്ത്ത്, റൈഫിള്‍ ഷൂട്ടിങ്, റോക്ക് ക്ലൈംബിംഗ്, ഏറ്റിവി, റാപെല്ലിങ് തുടങ്ങി ഇരുപതില്‍പരം സാഹസിക വിനോദങ്ങളാണ് ജഡായു നേച്ചര്‍ പാര്‍ക്കിലുള്ളത്. ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പമാണ് ജഡായുപ്പാറയിലേത്.ജഡായുപാറയുടെ മുകളിലെ രാമക്ഷേത്രവും ശ്രീരാമപാദവും മുമ്പും വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഘടകങ്ങളാണ്. ചിറകറ്റു വീണ ജഡായുവിന്റെ ചുണ്ടുരഞ്ഞ ഭാഗത്ത് കൊടുംവേനലിലും വറ്റാത്ത കുളം സഞ്ചാരികള്‍ക്ക് കൗതുകം തന്നെയാണ്. കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു സമീപമാണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്. ചടയമംഗലത്തു നിന്നും രണ്ടു കിലോമീറ്റര്‍ ദൂരമാണുള്ളത്.