തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്തെന്ന് സി.എ.ജി റിപ്പോർട്ട്. 2016-17 മുതൽ 2021-22 വരെ കാലയളവിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ 26 ആശുപത്രികളിൽ 60 സന്ദർഭങ്ങളിലായി നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞവയായിരുന്നു. ഇവയുടെ മൂല്യം 89 ലക്ഷം രൂപ വരും. കാലഹരണപ്പെടുന്നതിനെ തുടർന്ന് മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്നും ഈ സാഹചര്യത്തിൽ കാലഹരണപ്പെട്ട മരുന്നുകളുടെ വിതരണവും ഉപയോഗവും ഗൗരവതരമാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
148 ആശുപത്രികളിലായി 531 കേസുകളിൽ സ്റ്റോപ് മെമ്മോ നൽകിയ മരുന്നുകൾ നൽകിയിട്ടുണ്ട്. ഇതിന്റെ ആകെ മൂല്യം 11.69 ലക്ഷം വരും. ഡി.ഡി.എം.എസ് സോഫ്റ്റ് വെയർ വഴിയാണ് മരുന്നുകൾ ആശുപത്രികൾക്ക് നൽകുന്നതെന്നും സാധാരണ സ്റ്റോക്കിൽ നിന്ന് നിർത്തിവെച്ചതോ കാലഹരണപ്പെട്ടതോ ആയ മരുന്നുകൾ സോഫ്റ്റ് വെയർ വഴി വിതരണത്തിന് സാധിക്കില്ലെന്നും സർക്കാർ വിശദീകരണം നൽകിയെങ്കിലും മറുപടി സ്വീകാര്യമല്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. ഡി.ഡി.എം.എസ് ഡേറ്റയിൽ ഈ മരുന്നുകൾ വ്യക്തമായി കാണിക്കുന്നതിനാലാണ് വിശദീകരണം തള്ളിയത്.
അവശ്യമരുന്നുകൾ എത്തിക്കുന്നതിലടക്കം കെ.എം.എസ്.സി.എല്ലിന് വീഴ്ചയുണ്ടായെന്ന രൂക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്. ആശുപത്രികളിലെ മരുന്നുക്ഷാമം ഒഴിവാക്കുകയാണ് കെ.എം.എസ്.സി.എൽ രൂപവത്കരിച്ചതിന്റെ പ്രധാന ഉദ്ദേശ്യമെങ്കിലും ഇൻഡെന്റ് ചെയ്ത അളവിൽ മരുന്നുകൾ സംഭരിക്കാനാകാത്തത് ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിനിടയാക്കി.