Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ

കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ

കണ്ണുള്ളപ്പോഴെ കണ്ണിൻ്റെ വില അറിയൂ…. പഴമക്കാർ പറയുന്ന എത്ര സത്യമാണെന്ന് നമുക്ക് നന്നായിട്ട് അറിയാം. എന്നാൽ കണ്ണിന് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്? വേണ്ടത്ര പരിപാലിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. ഇപ്പോഴത്തെ പല ജീവിത രീതികളും നിങ്ങളുടെ കണ്ണുകളിൽ ക്ഷീണം ഉണ്ടാക്കാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. ദൈനംദിന ജീവിതത്തിൽ സ്ക്രീൻ സമയം വർദ്ധിച്ചുവരുന്നതാണ് നമ്മുടെ കണ്ണുകളിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ഇവ മാറ്റി കണ്ണുകൾക്ക് ഉണർവ് നൽകാനുള്ള ചില ശീലങ്ങൾ പതിവാക്കൂ.

സ്ക്രീൻ സമയം കുറയ്ക്കുക

സ്‌ക്രീനുകളിൽ തുടർച്ചയായി നോക്കുന്നത് കണ്ണുകൾക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. അതിനാൽ സ്ക്രീനുമായുള്ള ദൂരം കുറയ്ക്കുക എന്നാതാണ് നല്ലൊരു മാർ​ഗം. സാധാരണ ഒരു വ്യക്തികളിൽ മിനിറ്റിൽ 16 മുതൽ 18 തവണ വരെ കണ്ണുകൾ ചിമ്മാറുണ്ട്. എന്നാൽ നിങ്ങൾ സ്ക്രീനുകളിൽ നോക്കുമ്പോൾ അവ രണ്ട് മുതൽ മൂന്ന് തവണയായി കുറയുന്നു. സ്‌ക്രീൻ കൈയുടെ അകലത്തിലും ഡിസ്‌പ്ലേയുടെ മുകൾഭാഗം കണ്ണിന്റെ നിരപ്പിലുമാക്കി നിലനിർത്തുന്നത് ഫോക്കസിംഗിന് കാരണമാകുന്ന പേശികളുടെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും. ഇതിലൂടെ കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാൻ കഴിയും.

കണ്ണു ചിമ്മുക

കണ്ണ് ചിമ്മൽ എന്നത് ഒരു പ്രധാന ഘടകമാണ്. എന്നാൽ അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അത്ര അറിവില്ല. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ കണ്ണ് ചിമ്മുന്നതിൻ്റെ എണ്ണം സ്വാഭാവികമായും കുറയുന്നു. ഇത് കണ്ണുകൾ വരണ്ടതാക്കാനും ചൊറിച്ചിൽ അനുഭവപ്പെടാനും കാരണമാകുന്നു. അതിനാൽ ഇടയ്ക്കിടെ ഓർത്തെടുത്ത് കണ്ണ് ചിമ്മാൻ ശ്രമിക്കുക.

അതിനായി THINK AND BLINK എന്നെഴുതി കമ്പ്യൂട്ടറിനടുത്ത് ഒട്ടിച്ചുവയ്ക്കുന്നത് ഈ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നു. നിങ്ങൾക്ക് തുടർച്ചയായ വരൾച്ചയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആശ്വാസത്തിനായി ഐ ഡ്രോപ്സ് ഉപയോഗിക്കാവുന്നതാണ്. ഒരു നേത്ര വിദ​ഗ്ധൻ്റെ സഹായത്തോടെ വേണം ഈ രീതിയിലേക്ക് കടക്കാൻ.

നന്നായി ഉറങ്ങുക

കണ്ണുകൾക്കും ശരീരത്തിനും നല്ല വിശ്രമം ലഭിക്കുന്നതിന് രാത്രിയിൽ ഉറങ്ങുമ്പോഴാണ്. രാത്രി വൈകിയുള്ള ഉറക്കവും അധിക സമയം മൊബൈൽ ഫോണുകളോ ലാപ് ടോപ്പുകളോ നോക്കുന്നത് കണ്ണുകളിൽ ക്ഷീണത്തിന് കാരണമാവുന്നു. രാത്രിയിലുള്ള സ്ക്രീൻ നോട്ടം ഉറക്കക്കുറവിനും കാരണമാകും. അതിനാൽ, പകൽ മുഴുവൻ കണ്ണുകൾക്കും തലച്ചോറിനും ഉന്മേഷം ലഭിക്കുന്നതിന് രാത്രിയിൽ നന്നായി ഉറങ്ങുക.

20-20–20 രീതി

സ്ക്രീൻ പൊസിഷനിംഗ് കൂടാതെ, നാമെല്ലാവരും ശീലിക്കേണ്ട മറ്റൊരു കാര്യമാണ് 20-20-20 നിയമം. ജോലി ചെയ്യുമ്പോൾ കണ്ണുകൾക്ക് നല്ല വിശ്രമം ലഭിക്കാൻ ഓരോ 20 മിനിറ്റിലും കുറച്ച് സെക്കൻഡ് ഇടവേള എടുക്കുക. ആ ഇടവേളയിൽ, കണ്ണുകൾ ഇടയ്ക്കിടെ ചിമ്മിയോ അല്ലെങ്കിൽ ദൂരത്തേക്ക് നോക്കിയോ സമ്മർദ്ദം കുറയ്ക്കാവുന്നതാണ്. അങ്ങനെ സ്ക്രീനുകൾക്ക് മുന്നിൽ ദീർഘനേരം ചെലവഴിക്കുന്നവർക്ക് കണ്ണുകൾക്ക് നൽകാൻ പറ്റുന്ന ഏറ്റവും നല്ല വിശ്രമ രീതിയാണിത്.

Back To Top
error: Content is protected !!