നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. വാർത്താചാനലുകളിലൂടെ നിരന്തരമായി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. കൂടാതെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടന നൽകിയ പരാതിയിന്മേലാണ് അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ പരാതിയിൽ പോലീസിനോട് റിപ്പോർട്ട് തേടിയതായി യുവജന കമ്മിഷൻ അധ്യക്ഷൻ എം ഷാജർ പറഞ്ഞു.
അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്നവരെ ഇത്തരം പാനലുകളിൽ ഉൾപ്പെടുത്തരുതെന്നും ഷാജർ വ്യക്തമാക്കി. രാഹുൽ ഈശ്വറിന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ പരാതിയുമായി ഹണിറോസ് നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഈശ്വറും രംഗത്തെത്തി. ഈ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടുകയും ചെയ്തിരുന്നു. അതേസമയം രാഹുലിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
അധിക്ഷേപം നേരിടുന്ന വ്യക്തികൾ അത് ധൈര്യപൂർവം തുറന്നു പറയുകയും നിയമപരമായി നേരിടാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്ന സത്രീകൾക്ക് ഇത്തരത്തിലുള്ള പരാമർശങ്ങൾ കടുത്ത മാനസിക സമ്മർദത്തിന് കാരണമാക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും അവരുടെ വസ്ത്രധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഇതിന് പിന്നാലെ രാഹുൽ ഈശ്വർ പ്രതികരിച്ചത്.
ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാതാണ് തന്റെ നിലപാടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. തന്നെ അധിക്ഷേപിച്ചെന്ന പേരിൽ ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം റിമാൻഡിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസിനെതിരെ രാഹുൽ ഈശ്വർ ടിവി ചാനലുകളിൽ നടത്തിയ ചർച്ചകളിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഹണി റോസിന്റെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച രാഹുൽ നടിയെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും പറഞ്ഞിരുന്നു.