തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയ്യാറാക്കുകയാണെന്നും കർണാടകയുടെ സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയുടെ സഹായ വാഗ്‌ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, അത് ദുഷ്‌ടലാക്കോടെ ഉള്ളതാണെന്നും ആരോപിച്ചു.
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് നൽകിയ സഹായ വാഗ്‌ദാനത്തിന് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് നൽകിയ മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ദുരന്തബാധിത പ്രദേശത്തിന് അധികം അകലെയല്ലാതെ എന്നാൽ സുരക്ഷിതമായ ഒരിടത്ത് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാവുന്ന ടൗൺഷിപ്പാണ് സർക്കാർ വിഭാവന ചെയ്യുന്നത്. വൈത്തിരി താലൂക്കിൽ രണ്ട് ടൗൺഷിപ്പാണ് ആലോചനയിലുള്ളത്. ഇതിനായി രണ്ട് സ്‌ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പദ്ധതി തയ്യാറായി വരികയാണെന്നും കർണാടക സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ഓഗസ്‌റ്റ് 23നാണ് കേരളത്തിന് കർണാടകയുടെ സഹായം പ്രഖ്യാപിക്കുന്നത്. പുനരധിവാസ ചുമതലയുള്ള ലാൻഡ് അഡീഷണൽ കമ്മീഷണറുടെ ഓഫീസ് കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നന്ദി അറിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക അറിയിപ്പ് ഡിസംബർ ആറിനാണ് വരുന്നത്. അത് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത് ഡിസംബർ ഒമ്പതിനാണ്.
പിറ്റേന്ന് തന്നെ മറുപടി നൽകിയില്ലെന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായി. കർണാടകയുടെ കത്തിന് വിശദമായി ആലോചിച്ചു മാത്രമേ മറുപടി നൽകാനാവൂ എന്നതിനാൽ 13നാണ് മറുപടി നൽകിയതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.