അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം. കുട്ടികളടക്കം 24 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതല.

നാല് കുടുംബങ്ങളാണ് ഏറാട്ട്കുണ്ട് സങ്കേതത്തില്‍ താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്ന് തുടങ്ങിയവയെല്ലാം ക്യാമ്പില്‍ തന്നെ ലഭ്യമാക്കും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് മുകളിലെ ഭാഗത്ത് ഗുഹയില്‍ അഭയം തേടിയ കുടുംബത്തെ വനം വകുപ്പും പ്രത്യേക ക്യാമ്പില്‍ പരിചരിക്കുന്നുണ്ട്.

ഇവരുടെ കുട്ടികള്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളും പട്ടികവര്‍ഗ വികസന വകുപ്പ് തുടങ്ങി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ആദിവാസി കുടുംബങ്ങളെല്ലാം അതിജീവിച്ചതായി അധികൃതര്‍ പറയുന്നു. ഈ ഭാഗങ്ങളില്‍ നിന്നടക്കം 47 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.

Back To Top
error: Content is protected !!