സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്തതിന് മൂന്നിയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മൂന്നിയൂർ പാറേക്കാവ് സ്വദേശി കാഞ്ഞീരക്കോട്ട അബ്ദുൽ അസീസിന്റെ മകൻ ഫൈറൂസ് (26) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്ത് പറമ്പ് സ്വദേശിയായ 32-കാരിയുടെ പരാതിയെ തുടർന്നാണ് കുന്നത്ത് പറമ്പിൽ ഹാർഡ് വെയർ സ്ഥാപനം നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും കണ്ടു. ഉടനെ ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഭര്‍ത്താവ് നടത്തിയ തെരച്ചിലില്‍ ആളെ കണ്ടെത്തുകയും ഫൈറൂസ് കുറ്റം സമ്മതിക്കുകയും ചെയ്തതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിസാര വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതിനാലാണ് പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. അതേ സമയം യുവതിയുടെ പരാതിക്കനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് എസ്.ഐ റഫീഖ് പറഞ്ഞു.