ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തി. ഇത് സംബന്ധിച്ച യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.
വയനാട് പുൽപ്പളളിയിലെ കുളത്തൂർ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തിൽപെട്ടവരും നാട്ടുകാരും ഉൾപ്പെടെ 2000 ത്തോളം പേർ താമസിക്കുന്നിടമാണ്. ഇവിടെ എത്തിയപ്പോൾ അവർക്ക് കുടിക്കാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതി കേട്ട താൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി പമ്പും മോട്ടറും ഉൾപ്പെടെ വാങ്ങി നൽകി. ഇവിടുത്തെ കുടിവെളള വിതരണ ടാങ്കിലേക്ക് വെളളം എത്തിക്കാനുളള പമ്പ് വരെ താൻ വാങ്ങി നൽകേണ്ടി വന്നു. ഒടുവിൽ രാത്രി 120 കിലോമീറ്റർ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തുവെന്ന് സുരേഷ് ഗോപി പറഞ്ഞു
സ്വന്തം പോക്കറ്റിൽ നിന്ന് 66,500 രൂപ മുടക്കി 2 എച്ച്.പിയുടെ 2 മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങി സുരേഷ് ഗോപി വൈകുന്നേരത്തോടെ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ആദിവാസി കോളനികളിലെ സത്യാവസ്ഥ രാജ്യസഭയുടെ ശ്രദ്ധയിൽപെടുത്തിയത്. 12 വർഷം മുൻപ് സംസ്ഥാന സർക്കാർ പുനരധിവസിപ്പിച്ചുവെന്ന് അവകാശപ്പെട്ട ആദിവാസികൾ ഇപ്പോഴും കുടിലുകളിലാണ് താമസിക്കുന്നതെന്നും മഴ പെയ്താൽ ഒരു തുളളി വെളളംപോലും പുറത്തുപോകാത്ത സ്ഥിതിയാണ് ഈ കുടിലുകളിലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെത് ശോചനീയമായ അവസ്ഥയാണെന്നും അങ്ങേയറ്റം സങ്കടകരമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് വൈദ്യുതി എത്തിച്ചത്. സമ്പൂർണ വൈദ്യുതീകരണം നടത്തുന്ന രാജ്യത്തെ അവസാന ഗ്രാമമായിരുന്നു ഇടമലക്കുടി. പക്ഷെ അവിടുത്തെ ആദ്യവീട് മുതൽ അവസാന വീട് വരെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ പെടുന്നതാണ്. അവർ അത് ചെയ്‌തോ ഇല്ലിയോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞാലും താൻ ഉന്നയിച്ച വസ്തുതകൾ തെറ്റാണെങ്കിൽ തന്റെ സുഹൃത്തും ഇടത് പ്രതിനിധിയുമായ ബ്രിട്ടാസിന് അത് സഭയിൽ സ്ഥാപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു