കേരളത്തിൽ ഒമിക്രോൺ വർധിക്കുന്നു: രോഗബാധിതരുടെ എണ്ണം 24 ആയി

കേരളത്തിൽ ഒമിക്രോൺ വർധിക്കുന്നു: രോഗബാധിതരുടെ എണ്ണം 24 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഘാന, നൈജീരിയ, യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരു 11 വയസ്സുകാരനും ഇന്ന് ഒമിക്രോൺ സ്ഥീരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോൺ കേസുകൾ 24 ആയി. സംസ്ഥാനത്ത്  ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയർന്ന ഒമിക്രോൺ കണക്കാണ് ഇന്നത്തേത്.

എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.   എറണാകുളത്ത് സ്ഥിരീകരിച്ച ആറ് കേസുകളിൽ രണ്ട് പേർ യുകെയിൽ നിന്നുള്ളവരാണ്. രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും രണ്ടുപേര്‍  ഘാനയില്‍ നിന്നും വന്നവരാണ്. 18,19 തിയതികളിലായി എത്തിയ ആറുപേരും എയർപോർട്ട് പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രത്യേകം ചികിത്സയിലായിരുന്നു. ഇതിനാൽ മറ്റു സമ്പർക്കങ്ങളില്ല.

നൈജീരിയയില്‍ നിന്നും വന്ന ദമ്പതികൾ, പതിനെട്ടാം തിയതി യുകെയിൽ നിന്നെത്തിയ 51കാരി എന്നിവരാണ് തിരുവനന്തപുരത്തെ മൂന്ന് കേസുകൾ. ഇതിൽ നൈജീരിയയിൽ നിന്നെത്തിയ ദമ്പതികളുടെ സമ്പർക്കപട്ടികയിൽ രണ്ട് മക്കളുണ്ട്. കേസുകളുടെ എണ്ണം പെട്ടെന്ന് കൂടുമ്പോഴും അധികവും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരോ അടുത്ത സമ്പർക്കത്തിലുള്ളവരോ ആണെന്നത് സംസ്ഥാനത്ത് വ്യാപനമുണ്ടായിട്ടില്ലെന്ന നേരിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ എറണാകുളത്ത് സ്വയം നിരീക്ഷണം ലംഘിച്ചയാളിലൂടെ വ്യാപനമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കയക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Back To Top
error: Content is protected !!