മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തി ശ്രദ്ധേയനായ നടനായിരുന്നു അബി. ആകസ്മികമായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ഇന്ന് അബിയുടെ ഓര്‍മ്മ ദിനമാണ്.ഹബീബ് അഹമ്മദ് എന്നാണ് അബിയുടെ യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടാണ് കലാരംഗത്ത് തുടക്കമിട്ടത്. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു അബി തൻ്റെ മിമിക്രി കരിയർ ആരംഭിച്ചത്. മലയാളത്തിൽ മിമിക്രി കാസെറ്റുകൾക്കു സ്വീകാര്യത നൽകിയത് അബിയായിരുന്നു. അതുകൂടാതെ അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കേരളത്തിലെ മിമിക്രിയുടെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അബി. നയം വ്യക്തമാക്കുന്നുവായിരുന്നു അബിയുടെ ആദ്യ സിനിമ. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് അവസാനമായി അഭിനയിച്ച സിനിമ.