കൊച്ചി അപകടം: പെൺകുട്ടികൾക്ക് ശീതളപാനീയത്തിൽ ലഹരി നൽകിയതായി സംശയം

കൊച്ചി അപകടം: പെൺകുട്ടികൾക്ക് ശീതളപാനീയത്തിൽ ലഹരി നൽകിയതായി സംശയം

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരളം ജേതാക്കളായ മോഡലുകൾക്ക് ശീതളപാനീയത്തിൽ ലഹരി നൽകിയതായി സംശയം. എന്നാൽ ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിക്കാതിരുന്നത് കേസന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകൾക്ക് ലഹരി നല്കിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരം സത്യമാണോ എന്ന് അറിയാൻ നമ്പർ 18 ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ വീണ്ടെടുക്കണം.

അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുന്പരിചയമുണ്ട്. അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളാണ് . മിസ് കേരളം സൗന്ദര്യ പട്ടം ലഭിച്ചപ്പോൾ അൻസിയെ വിളിച്ചു വരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാനുള്ള വഴിയൊരുക്കിയത്.

റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാർഡ് ഡിസ്ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടത്തിയെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഡിജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു. പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു. ഇവിടെ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു.

കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു. യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്ക് ഊരിമാറ്റി. പിന്നീട് റോയിയുടെ വീടിനടുത്തുള്ള കായലിൽ ഡിസ്ക് വലിച്ചെറിഞ്ഞുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

Back To Top
error: Content is protected !!