പാലക്കാട്: ആർ.എസ്.എസിന്റെ മലമ്പുഴ തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി. രാവിലെ ഒൻപത് മണിക്കാണ് സഞ്ജിത്തിനെ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതകികളെ അറസ്റ്റു ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. കൊലപാതകികൾ സഞ്ചരിച്ച കാറ് ഹൈവെ ഭാഗത്തേക്കാണ് പോയതെന്നും ദൃക്സാക്ഷി മൊഴികളുണ്ട്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും കാറ് കണ്ടെത്താനോ പ്രതികളെ പിടികൂടാനോ പോലീസിന് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കാറിലെത്തിയ ആക്രമി സംഘം സഞ്ജിത്തിന്റെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡിൽ വീണ സഞ്ജിത്തിനെ ആക്രമികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആസൂത്രിതമായ നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കൊലപാതകികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മലമ്പുഴയിൽ ബിജെപി ഹർത്താൽ ആചരിക്കുകയാണ്. തലയിലേറ്റ വെട്ടാണ് സഞ്ജിത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയിൽ മാത്രം 6 വെട്ടുകളേറ്റിട്ടുണ്ട്.ശരീരത്തിൽ 30 ലേറെ വെട്ടുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.