മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു: ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ഇടുക്കി ഡാമിനെ സംബന്ധിച്ച് ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒക്ടോബര്‍ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 140 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

Back To Top
error: Content is protected !!