കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്

കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്

കശ്മീരിലേക്ക് മകള്‍ക്കൊപ്പം ബുള്ളറ്റില്‍ യാത്ര തിരിച്ച അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വ്വീസ് റൂള്‍ ചട്ട ലംഘനത്തിനാണ് നോട്ടീസ്. കാനായി നോര്‍ത്ത് യു പി സ്കൂള്‍ അധ്യാപിക കെ അനീഷയ്ക്ക് പയ്യന്നൂര്‍ എഇഒയാണ് കാരണം കാണിക്കല്‍ നല്‍കിയിരിക്കുന്നത്. പ്രധാനാധ്യാപിക വഴി നോട്ടീസ് കൈമാറും. സർവീസ് നിയമം അനുസരിച്ച് സംസ്ഥാനം വിട്ടുപോകുന്നതിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്.

ഈ  അനുമതി അധ്യാപികയായ അനീഷ വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും കാരണം കാണിക്കല്‍ നോട്ടിസിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ വാർഷികത്തിനു ഭർത്താവ് മധുസൂദനൻ നല്‍കിയ ബുള്ളറ്റില്‍ മകള്‍ മധുരിമയ്ക്കൊപ്പം കശ്മീരിലേക്ക് യാത്ര തിരിച്ച അധ്യാപികയേക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ കോഓർഡിനേറ്റർ ടി വി വിനോദാണ് ജൂലൈ മാസം യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അധ്യാപിക ഇപ്പോള്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്. എന്നാല്‍ നടപടിക്രമത്തിന്‍റെ ഭാഗം മാത്രമാണ് കാരണം കാണിക്കല്‍ നോട്ടീസെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Back To Top
error: Content is protected !!