പെരിന്തല്‍മണ്ണ: ഡി.ജി.പിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ മാസ്ക് വെക്കാതെ ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ച് പരാതി നല്‍കിയയാള്‍ക്ക് പൊലീസ് നല്‍കിയത് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗുരുവായൂര്‍ ടെംപ്ള്‍ പൊലീസ് സ്റ്റേഷന് ഉദ്ഘാടനചടങ്ങില്‍ നടന്ന പ്രോേട്ടാകോള്‍ ലംഘനം സംബന്ധിച്ച് പരാതി നല്കിയ വിവരാവകാശ പ്രവര്‍ത്തകനായ തിരൂര്‍ക്കാട് സ്വദേശി അനില്‍ ചന്ദ്രത്തിനാണ്, ഗുരുവായൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ വിശദീകരണം തന്നെ മറുപടിയായി നല്‍കിയത്.
അനിലും പൊലീസുകാരനും തമ്മില്‍ നടക്കുന്ന സംഭാഷണം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ‘മാധ്യമം’ പത്രത്തില്‍ വന്ന ചിത്രത്തിെന്റ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് പൊലീസുകാരന് ചോദിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പൊലീസുകാര്‍ പങ്കെടുത്തത് നിയമലംഘനമാണെന്ന് അനില്‍ മറുപടി നല്കി.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നല്കിയ വിശദീകരണം കേട്ടിരുന്നോയെന്ന് പൊലീസുകാരന് ചോദിച്ചപ്പോള്‍ ആ മറുപടി നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമലംഘനം നടന്നോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടതെന്നും പരാതിക്കാരന് മറുപടി നല്കി. ഗുരുവായൂര്‍ സ്റ്റേഷനിലേക്ക് വരേണ്ട സമയമറിയിച്ച് പിന്നീട് വിളിക്കാമെന്ന് പൊലീസുകാരന് പറഞ്ഞെങ്കിലും താനങ്ങോട്ട് വരില്ലെന്നും മൊഴിയെടുക്കാനാണെങ്കില്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് വഴിയാകാമെന്നും പരാതിക്കാരന് പറഞ്ഞു. എസ്.ഐയുമായി ആലോചിക്കണമെന്നും തങ്ങളുടേതായ രീതിയിലേ പോകാനാകൂവെന്നും പൊലീസുകാരന് വിശദീകരിക്കുന്നുണ്ട്. ഫോണ്‍ വിളി സംബന്ധിച്ച് അനില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് അറിയിച്ചു.