ദോഹ: സിം കാര്‍ഡ് ഇല്ലാതെ തന്നെ ഖത്തറില്‍ ഇനി മൊബൈല്‍ ഫോണില്‍ സംസാരിക്കാനാകും. ഉരീദുവും വോഡഫോണും അവതരിപ്പിക്കുന്ന ഇലക്ടോണിക് സിം കാര്‍ഡ് സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. 5ജി സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനൊപ്പമാണ് ഖത്തറില്‍ ഇ-സിമ്മും വരുന്നത്.
ഇത് വരുന്നതോടെ സാധാരണരീതിയിലുള്ള സിം കാര്‍ഡുകള്‍ മൊബൈല്‍ ഇടേണ്ട ആവശ്യമില്ല. പകരം, ഏത് കമ്പനിയുടെ സേവനമാണോ ഉപയോഗിക്കുന്നത് അവരുടെ സിം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്.ഇതില്‍ സിം കാര്‍ഡിന്റെ സേവനവും ലഭ്യമാകും. ഒരേ സമയം, ഒന്നിലേറെ ഓപ്പറേറ്റര്‍മാരുടെ സിം ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഒരു നമ്പറില്‍ നിന്നു മറ്റൊരു നമ്പറിലേക്ക് ഡിജിറ്റലായി മാറാനുമാകും. ഒരു ഉപഭോക്താവിന് വ്യക്തിപരമായ കണക്ഷനും ബിസിനസ് കണക്ഷനും ഉണ്ടെങ്കില്‍ രണ്ടും ഒരേ മൊബൈലില്‍ തന്നെ ഉപയോഗിക്കാം. ഇരു നമ്പറുകളിലേക്കും ഡിജിറ്റലായി മാറുകയും ചെയ്യാം. ഇ- സിം സാങ്കേതികവിദ്യ ഖത്തറില്‍ ഇതിനകം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. സാധാരണ രീതിയിലുള്ള സിം കാര്‍ഡ് ഇനി വേണ്ട. ഒരു സിം ഊരി മറ്റൊരു സിം ഇടുന്ന പ്രശ്‌നവും ഒഴിവാക്കാം.
‘ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്’ പോലെയുള്ള കാര്യങ്ങളില്‍ ഇ സിമ്മിന്റെ ഉപയോഗം നിര്‍ണായകമാണ്. വാച്ചുകള്‍, ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ സിം കാര്‍ഡ് ഇല്ലാതെ തന്നെ മൊബൈല്‍ നെറ്റ്‌വര്‍ക്കുമായി കണക്റ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും ഇതുവഴി സാധിക്കും.
രാജ്യത്തിനും ജനങ്ങള്‍ക്കും ഏറ്റവും മികച്ച സേവനയും സാങ്കേതികവിദ്യയും ലഭ്യമാക്കാനാണു ശ്രമിക്കുന്നതെന്ന് ഉരീദു സിഇഒ വലീദ് അല്‍ സയ്ദ് പറഞ്ഞു. 5ജി അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ഇ സിം സാങ്കേതിക വിദ്യയും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനാവും.
ലോകത്ത് ആദ്യമായി തന്നെ ഖത്തറിലെ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുകയെന്ന് വോഡഫോണ്‍ ഖത്തര്‍ സിഇഒ ഷെയ്ഖ് ഹമദ് അബ്ദുല്ല ആല്‍ഥാനി പറഞ്ഞു.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനാണു ശ്രമിക്കുന്നത്. ഇ സിം അവതരിപ്പിക്കുന്നത് ഇതിന്റെ തുടര്‍ച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.