നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന്‍ സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം ഫൌണ്ടേഷന്‍റെ പേരിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ കെ രാജന്‍റെ നേതൃത്വത്തിലുള്ള സമിതിക്കാണ് കത്ത് നല്‍കിയത്. നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കും എതിരാണെന്ന് സൂര്യ കത്തില്‍ ചൂണ്ടിക്കാട്ടി. ഭാഷയിലും സംസ്കാരത്തിലും വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാകണം. ഇതിലൂടെ നമുക്ക് ശാശ്വതമായ ഒരു പരിഹാരം കാണാൻ കഴിയും. വിദ്യാഭ്യാസമെന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വവും അവകാശവുമാക്കി മാറ്റുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നീറ്റ് പോലുള്ള പരീക്ഷകള്‍ സംബന്ധിച്ച ആശങ്കകളെ കുറിച്ച് സർക്കാരിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അത്തരം പൊതുപരീക്ഷകൾ നമ്മുടെ കുട്ടികളുടെ ഭാവി അട്ടിമറിക്കുമെന്നും സൂര്യ ചൂണ്ടിക്കാട്ടി.