ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു. തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ കുഴല്‍പണ ഇടപാടും സി.കെ. ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രന്റെ പ്രതിഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതുള്‍പ്പടെയുള്ള കനത്ത തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമായി ഇതിനൊക്കെ മറുപടി കണ്ടെത്തുമ്പോളാണ് ജാനുവിലൂടെയും കൊടകരയിലൂടെയും പുതിയ പ്രശ്നങ്ങൾ എത്തുന്നത് . പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ജാനുവുമായുള്ള പണമിടപാടിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ബിജെപിയെ നശിപ്പിക്കാനുള്ള നുണപ്രചാരണങ്ങളാണ് ഇതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും സുരേന്ദ്രനെ പ്രതിരോധിക്കുന്നില്ല. സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞെന്നാണ് അറിയുന്നത്.