കാപ്പി കര്‍ഷകരുടെ സമഗ്ര ക്ഷേമം ലക്ഷ്യമാക്കിയുള്ള സംയോജിത കാപ്പി വികസന പദ്ധതി നടപ്പിലാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കോഫി ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. അറബിക്ക, റോബസ്ട്ര എന്നീ രണ്ടിനങ്ങളാണ് കേരളത്തില്‍ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പി വയനാട്ടില്‍ തുലോം തുച്ഛമാണെങ്കില്‍ റോബസ്ട്ര കാപ്പി 67,426 ഹെക്ടറില്‍ കൃഷി ചെയ്യുന്നു.
തിരുവിതാംകൂറില്‍ 10745 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 2850 ഹെക്ടറും കൃഷി ചെയ്യുന്നു. അറബിക്ക കാപ്പി തിരുവിതാംകൂറില്‍ 1972 ഹെക്ടറും, നെല്ലിയാമ്പതിയില്‍ 1983 ഹെക്ടറുമാണ് കൃഷിക്കുള്ളത്. കേരളത്തിലാകെ 3955 ഹെക്ടര്‍ അറേബിക്കയും, 81021 ഹെക്ടര്‍ റോബസ്ട്രയും ആണ് കൃഷി ചെയ്യുന്നത്.
ആവര്‍ത്തന കൃഷിക്ക് ചിലവിന്റെ 40% സബ്സിഡി ലഭിക്കും.10 ഹെക്ടര്‍ സ്ഥലത്ത് കൃഷിയുള്ളവര്‍ക്കാണ് അനുകൂല്യം ലഭിക്കുക. ജലസേചന പദ്ധതിയില്‍ കിണര്‍, കുളം, എന്നിവക്കും
സ്പ്രിങ്ഗ്ളര്‍, ഡ്രിപ്പ് ഇറിഗേഷന്‍ എന്നിവക്കും ആനുകൂല്യമുണ്ട്. 10 ഹെക്ടര്‍ സ്ഥലമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക.
4 ഹെക്ടര്‍ വരെ സ്ഥലമുള്ള എസ്.സി, എസ്.ടി കര്‍ഷകര്‍ക്ക് ചിലവിന്റെ 10% അധിക സഹായത്തിന് അര്‍ഹതയുണ്ട്. ജലസേചന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സബ്സിഡി 30,000 രൂപയും, കാപ്പി കൃഷിയുള്ളവര്‍ക്ക് 17200 രൂപ മുതല്‍ 1,78,800 രൂപ വരെ സബ്സിഡി ലഭിക്കും.
ജലസേചന സാമഗ്രികള്‍ക്കാകട്ടെ ഒരു ഹെക്ടറിന് 24,000 രുപ മുതല്‍ 10 ഹെക്ടറിന് 2,32,000 രൂപ വരെ സബ്സിഡി ലഭ്യമാക്കിയാണ് കോഫി ബോര്‍ഡ് 2018 മുതല്‍ 2020 വരെയുള്ള പദ്ധതി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
കാപ്പി കര്‍ഷകര്‍ക്ക് വിപണനത്തിനായും പദ്ധതികള്‍ ഉണ്ട്. കാപ്പി വിപണനം നടത്തുന്നതിനായി സ്വയം സഹായ സംഘങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ വഴി ഒരു കിലോ കാപ്പി പരിപ്പിന് നാല് രൂപ ലഭിക്കും.
ഇന്ത്യാ കോഫി ട്രേഡേഴ്സ് അസോസിയേഷന്‍ വഴിയോ അംഗീകൃത ഏജന്‍സികള്‍ വഴിയോ വിപണനം നടത്താം. കാപ്പി കര്‍ഷകര്‍ക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം ലഭിക്കാന്‍ 10 ഹെക്ടര്‍ കൃഷിയുള്ളവര്‍ക്കോ കൂട്ടായ്മകള്‍ക്കോ 50 % സബ്സിഡി ലഭിക്കും.
ജൈവകൃഷി, ഫെയര്‍ ട്രേഡ്, റെയിന്‍ ഫോറസ്റ്റ് അലയന്‍സ് ,ബേര്‍ഡ് ഫ്രന്റ്ലി, ഷെയ്ഡ് ഗ്രോണ്‍ കോഫി സ്റ്റാന്‍ഡേഡ്‌സ്, എന്നീ ഏജന്‍സികളില്‍ നിന്നും കോഫി ബോര്‍ഡ് അംഗീകരിച്ച മറ്റ് ഏജന്‍സികളില്‍ നിന്നും സാക്ഷ്യപത്രം ലഭ്യമാക്കാനും അനുകൂല്യങ്ങളുണ്ട്.
കാപ്പി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിനായി ലക്ഷ്യം വെച്ചുള്ള ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് കേരള മേഖല കോഫി ബോര്‍ഡ് ,ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്ത മണി പറഞ്ഞു.