‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനിയൊരു പ്രതീക്ഷ തനിക്കില്ലെന്നും അവര്‍ക്ക് പുതിയ നേതാവ് വന്നിട്ടും കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയുടെ വാക്കുകള്‍: ”കോണ്‍ഗ്രസില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്തൊക്കെയായിരുന്നു. എന്നിട്ട് എത്ര സീറ്റില്‍ തീര്‍ന്നു. പുതിയ നേതാവ് വന്നിട്ടും കാര്യമുണ്ടാവില്ല. മച്ചി പശുവിനെ പിടിച്ച് തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ. ഇത്രയേ ഞാന്‍ പറയുന്നുള്ളൂ. കൂടുതല്‍ എന്നെ കൊണ്ട് പറയിപ്പിക്കണോ.”

സത്യപ്രതിജ്ഞ ചടങ്ങിനെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത് ഇങ്ങനെ: ”പരിപാടി ഉഗ്രനായിരുന്നു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് കുറ്റമറ്റ രീതിയില്‍ സൂപ്പറായിട്ടാണ് പരിപാടി നടന്നത്. കൃത്യസമയത്ത് തുടങ്ങി, കൃത്യസമയത്ത് അവസാനിച്ചു. ആര്‍ക്കും ഒരു ആക്ഷേപവും പറയാന്‍ സാധിക്കില്ല. 500ല്‍ താഴെയായിരുന്നു ആളുകള്‍. ഞാന്‍ നോക്കിയിരുന്നു. 350 കാണും. അതില്‍ കൂടുതല്‍ ആളുകളില്ല. പുതിയ മന്ത്രിമാര്‍ എല്ലാം സൂപ്പറാണ്.”

പുതിയ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വാക്കുകള്‍: ”വള്ളിനിക്കറിട്ട് രാഷ്ട്രീയത്തില്‍ വന്നിട്ട് വടികുത്തുംവരെ നേതാവായിരിക്കുന്ന ശൈലിക്ക് മാറ്റം വരുത്തിയില്ലേ. ഇതൊരു പ്രതീക്ഷയാണ്. മാധ്യമങ്ങളാണ് കുഴപ്പം മൊത്തമുണ്ടാക്കുന്നത്. ശൈലജ ടീച്ചറേക്കാള്‍ മാഹാത്മ്യം മണിയാശാനുണ്ട്. 1500 വോട്ടില്‍ നിന്ന് 40,000 വോട്ട് അദ്ദേഹം നേടി. മണിയാശാന് എന്താണ് കുറവ്. മണിയാശാനെ പൊക്കാന്‍ ആരുമില്ല. ഏത് മന്ത്രിയുടെയും പുറകില്‍ ഒരു ശക്തിയുണ്ട്. അത് എല്ലാവരും മറക്കുന്നു. ആരുമൊന്നും പറയാറില്ല. രാഷ്ട്രീയം കളിച്ച് മന്ത്രിയായി വരുമ്പോള്‍ നല്ല രീതിയില്‍ ഉപദേശം കൊടുത്ത് നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥരാണ്. ശൈലജ ടീച്ചര്‍ നല്ല മന്ത്രിയായിരുന്നു. ജനപ്രീതിയുണ്ട്. ഐസക്ക് സാറിന് എന്തായിരുന്നു കുഴപ്പം. മരുഭൂമിയില്‍ വെള്ളമുണ്ടാക്കിയാളാണ് ഐസക്ക് സാറ്. ഖജനാവില്‍ പത്ത് പൈസയുണ്ടായിരുന്നില്ല. അദ്ദേഹം പൈസയുണ്ടാക്കി, നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അത് അദ്ദേഹം ഉപയോഗിച്ചു. ജി സുധാകരന് എന്തായിരുന്നു കുറവ്. റോഡ്, പാലവും നിര്‍മ്മിച്ചു. പുതുമുഖങ്ങള്‍ വരണം. അതോടെ രാഷ്ട്രീയത്തില്‍ പുതിയ ഭാവവും ശൈലിയും വരും.”

Back To Top
error: Content is protected !!