ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ തലയാട്, മണിച്ചേരി പ്രദേശങ്ങളിലെ വീടുകളിൽ ഓലപ്രാണിശല്യം രൂക്ഷം. റബർ എസ്റ്റേറ്റുകളിൽ മുമ്പ് കണ്ടിരുന്ന പ്രാണികളാണ് കൂട്ടമായി രാത്രി വീടുകളിലെത്തുന്നത്. മണിച്ചേരി, തലയാട് പ്രദേശങ്ങളിലെ വീടുകളിലാണ് ശല്യം രൂക്ഷം. വീട്ടിലുള്ളവർക്ക് ഭക്ഷണം കഴിക്കാനോ കുട്ടികൾക്ക് പഠിക്കാനോ കഴിയാത്ത അവസ്ഥയാണ്. കീടനാശിനി തളിച്ചാൽ പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും വീട്ടിനകത്തും മുറ്റത്തും പ്രാണികൾ കൂട്ടമായി ചത്തുവീഴും. ഇവ അടിച്ചുനീക്കുന്നത് പതിവ് പ്രവൃത്തിയായിരിക്കുകയാണ്. മണിച്ചേരി വടക്കെപറമ്പിൽ ഗിരീഷിന്റെ വീട്ടിനകത്തുനിന്ന് കഴിഞ്ഞ ദിവസം രണ്ടു ചാക്ക് ചത്ത പ്രാണികളെയാണ് നീക്കിയത്. കിടക്കയിലും മറ്റു വീണു കിടന്ന് അവക്ക് മേൽ കിടന്നാൽ ശരീരമാസകലം ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാവും. ചത്ത പ്രാണികൾക്ക് ദുർഗന്ധവുമാണ്. ശല്യം കാരണം ഗിരീഷ് വീട് തന്നെ ഒഴിവാക്കി തൽക്കാലം ബന്ധുഗൃഹത്തിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.