തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്നു; പി.ടി.തോമസ് മാപ്പ് പറയണമെന്ന് ശ്രീമതി ടീച്ചര്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്നു; പി.ടി.തോമസ് മാപ്പ് പറയണമെന്ന് ശ്രീമതി ടീച്ചര്‍

പാലാരിവട്ടം: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിനെതിരെ വ്യക്തിഹത്യ നടത്തുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.ടി.തോമസ് മാപ്പ് പറയണമെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ശ്രീമതി ടീച്ചര്‍. എറണാകുളം ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീമതി ടീച്ചര്‍. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഡോ.ജെ.ജേക്കബിന്റെ പൊതുയോഗത്തിലും ശ്രീമതി ടീച്ചര്‍ പ്രസംഗിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി.തോമസ് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് മുന്‍ എം.പി കൂടിയായ ശ്രീമതി ടീച്ചര്‍ പറഞ്ഞത്.
ഇടത് സ്ഥാനാര്‍ഥിയായ ഡോ.ജെ.ജേക്കബിനെ പറ്റി വളരെ മോശമായ രീതിയില്‍ വ്യക്തിഹത്യ നടത്തുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചെയ്യുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് എടുത്ത് ആരോപണങ്ങള്‍ ഉണ്ടാക്കുകയാണ് അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തി തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഒട്ടും ശരിയല്ലാത്ത കാര്യങ്ങളാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് വ്യക്തിഹത്യ നടത്തുകയെന്നത് തന്നെ ശരിയല്ല. അദ്ദേഹം അത് തിരുത്തണം. ഇതിന് യുഡിഎഫ് സ്ഥാനാര്‍ഥി മാപ്പ് പറയണം. പി.ടി തോമസിനെപ്പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് ഈ രീതിയിലുള്ള കാപട്യം കാണിക്കുന്നത് ശരിയല്ല. അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് ഏറെ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മണ്ഡലമാണ് തൃക്കാക്കര. ആതുരശുശ്രൂഷാ രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ ഏറെയായി പതിനായിരക്കണക്കിന് ആളുകള്‍ക്ക് സേവനം നല്‍കിയിട്ടുള്ള ഒരു വ്യക്തിയാണ് ഡോ.ജെ.ജേക്കബ്. ആതുരശുശ്രൂഷാ രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും അദ്ദേഹം മുന്‍പന്തിയില്‍ നില്‍ക്കുന്നു. തനിക്ക് ചുറ്റിലുമുള്ള ജനങ്ങള്‍ക്ക് ഏന്തെങ്കിലും പ്രതിസന്ധികളുണ്ടായാല്‍ ഓടിയെത്തുന്ന ഒരു നല്ല പൊതുജന സേവകനുമാണ് അദ്ദേഹമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു

Back To Top
error: Content is protected !!