കെ.കെ.രമയ്ക്കുള്ള വോട്ട് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : ചാണ്ടി ഉമ്മൻ

കെ.കെ.രമയ്ക്കുള്ള വോട്ട് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : ചാണ്ടി ഉമ്മൻ

കോഴിക്കോട് : വടകരയിൽ കെ.കെ.രമയ്ക്ക് നൽകുന്ന ഓരോവോട്ടും രാഷ്ട്രീയ എതിരാളികളുടെ രക്തം കണ്ട് അറപ്പ് മാറിയ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു.വടകരയിൽ കെ.കെ.രമയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാർക്ക് മക്കളെ നഷ്ടപ്പെടാതിരിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരുടെ ഭാര്യമാർ വിധവകൾ ആകാതിരിക്കാനും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിച്ചേ തീരൂ. ടി.പി.ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തോടെ സി.പി.എമ്മിന്റെ കിരാത മുഖം ജനസമൂഖം കണ്ടതാണ്.അതോടെ എല്ലാം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചോരകൊതിമൂത്തവർ ശരത്ലാലിനെയും കൃപേഷിനെയും ഷുഹൈബിനെയും കുത്തികൊലപ്പെടുത്തി. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ വടകരയിലെ ജനാധിപത്യവിശ്വാസികൾ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെ കുറ്റിയാടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പാറയ്ക്കൽ അബ്ദുള്ളയുടെ സ്ഥാനാർത്ഥി പര്യടനം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്ത ശേഷമാണ് വടകരയിലെത്തിയത്. തുടർന്ന് കെ.കെ.രമയ്‌ക്കൊപ്പം വാഹനപര്യടനവും നടത്തി. കൊടുവള്ളി, കൽപ്പറ്റ എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിലും ഇന്നലെ ചാണ്ടി ഉമ്മൻ പങ്കെടുത്തു.

Back To Top
error: Content is protected !!