വിസ്മയക്കാഴ്ച സമ്മാനിക്കുന്ന പാലക്കയം തട്ട്

വിസ്മയക്കാഴ്ച സമ്മാനിക്കുന്ന പാലക്കയം തട്ട്

കണ്ണൂരിന്റെ പ്രകൃതി ഭംഗി ആസ്വദിക്കണോ, എങ്കില്‍ പാലക്കയം തട്ടിലേക്ക് പോരൂ. കോടമഞ്ഞും നോക്കെത്താദൂരം പരന്ന പുല്‍മേടുകളെ തലോടുന്ന കുളിര്‍കാറ്റും. കാഴ്ചക്കാര്‍ക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന സുന്ദരിയാണ് പാലക്കയം തട്ട്.

പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഇവിടം പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയാണ്. അപൂര്‍വയിനം ഔഷധ സസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും പാലക്കയത്ത് എത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ കാത്ത് നില്‍പുണ്ട്. സമുദ്ര നിരപ്പില്‍ നിന്നു 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് എന്നായത്. തളിപ്പറമ്പ് കുടിയാന്‍മല റൂട്ടില്‍ നടുവില്‍ പഞ്ചായത്തിലെ മണ്ടളത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയത്തെത്താം.

തളിപ്പറമ്പ് വിട്ട് കുടിയാന്‍ മല റോഡില്‍ പ്രവേശിക്കുന്നതോടെ കാനന വീഥികള്‍ സ്വാഗതമോതും. പുകപടലം പോലെ കാഴ്ചകള്‍ മറച്ച് കോടമഞ്ഞ് പറന്നിറങ്ങും. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പച്ച വിരിച്ച മലനിരകളും. അവസാന ഒന്നര കിലോമീറ്റര്‍ മണ്‍റോഡിലൂടെ കുത്തനെയുള്ള സാഹസിക യാത്രയാണ്. അവിടെയും മനം നിറയുന്ന കാഴ്ചകള്‍. താഴേയ്ക്ക് നോക്കുമ്പോള്‍ ലോകം ഇങ്ങനെ പരന്നു കിടക്കുന്നു, കൊടുക് വനമേഖലയും പട്ടുനൂലു പോലെ വളപട്ടണം പുഴയുമൊക്കെ കാല്‍ചുവട്ടില്‍ നില്‍ക്കും പോലെ.

അസ്തമയസൂര്യന്റെ ശോഭയാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. സൂര്യാസ്തമയം അതിന്റെ പരമോന്നതഭംഗിയില്‍ പാലക്കയം തട്ടില്‍ ആസ്വദിക്കാന്‍ കഴിയും. സൂര്യന്‍ കൈക്കുമ്പിളില്‍ വന്നസ്തമിക്കുന്ന പ്രതീതിയാണ് അത്. വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുന്ദരിയായി മാറും.

Back To Top
error: Content is protected !!