ഫറോക്ക് : കുണ്ടായിത്തോട് സ്വകാര്യ ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ നശിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കിത്തുടങ്ങി. ദേശീയപാതയോരത്തുനിന്ന് പ്ലാസ്റ്റിക്മാലിന്യം മാറ്റാൻ കോർപ്പറേഷൻ ചെറുവണ്ണൂർ സോണൽ റവന്യൂ വിഭാഗം ഗോഡൗൺ നടത്തിപ്പുകാരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 29-ന് പുലർച്ചെ അഞ്ചരയോടുകൂടിയാണ് ശാരദാമന്ദിരത്തിനു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. അറുപതോളം അഗ്നിരക്ഷാസേനാ യൂണിറ്റുകൾ ഏഴുമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിനുപിറകിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പാചക വാതക സിലിൻഡറുകൾ സൂക്ഷിക്കുന്ന കേന്ദ്രമുള്ളത് ആശങ്ക പടർത്തിയിരുന്നു. ലൈസൻസോ പെർമിറ്റോ ഇല്ലാതെയാണ് ഗോഡൗൺ പ്രവർത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.