കോവിഡില്‍ നിന്ന് മെല്ലെ കരകയറി വരുന്നതിനിടയില്‍ ദിവസേനയുള്ള ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍. ഡീസലിന്റെ വില നാള്‍ക്കുനാള്‍ കൂടിയതോടെയാണ് പല ബസ്സ് ഉടമകളും അധികച്ചെലവ് താങ്ങാന്‍ കഴിയാതെ ബസുകളെ ഷെഡ്ഡില്‍ കയറ്റുന്നത്. നിലവില്‍ എട്ട് മാസത്തിനിടെ പതിനെട്ട് രൂപയാണ് ഡീസലിന് വില വര്‍ധിച്ചത്.ഇത് ബസ്സുടമകള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ് കാലത്ത് യാത്രക്കാരുടെ നിരക്ക് പകുതിയിലധികം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായും ഉടമകള്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇതുവരെയും ബസ്സ് ജീവനക്കാര്‍ക്ക് മോചനം ലഭിച്ചിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനം ദിവസേന കുറഞ്ഞു വരികയാണ്.
ചിലവ് കഴിഞ്ഞ് ജീവനക്കാര്‍ക്കുള്ള ശമ്പളം കൂടി കൊടുക്കുന്നതോടെ മിക്ക ഉടമകള്‍ക്കും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. ഇതിനിടെ ഡീസല്‍ ചാര്‍ജ് കൂടിയതോടെ പലര്‍ക്കും മിച്ചം തുകയില്ലാതെ വരുന്ന സാഹചര്യമാണ്. ഈ അവസ്ഥയിലാണ് ബസുകളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുന്നത്. സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി നല്‍കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം