തിരുവനന്തപുരം : കേരളത്തില്‍ ആദ്യഘട്ട കൊറോണ വാക്സിന്‍ ഇന്ന് എത്തും. വാക്‌സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് എത്തുന്നത്. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളത്തിന് ലഭിക്കുക. നെടുമ്ബാശ്ശേരിയിലെത്തുന്ന ആദ്യ ബാച്ച് വാക്‌സിന്‍ ജില്ലാ കലക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യും. വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് എത്തിക്കുക. തിരുവനന്തപുരത്തെത്തുന്ന വാക്‌സിന്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കും.
ആദ്യഘട്ടത്തില്‍ 133 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളില്‍ നിന്നും ദിവസേന 100 പേര്‍ക്ക് വാക്സിന്‍ നല്‍കും. 3,62,870 പേരാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.