കോഴിക്കോട്: കോവിഡ് സ്പെഷൽ ആശുപത്രിയാക്കി മാറ്റിയ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ ജനുവരി 18 മുതൽ മറ്റു ചികിത്സകൾ ആരംഭിക്കും. എല്ലാ ഒ.പികളും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകളും പഴയപോലെ ആരംഭിക്കാനാണ് തീരുമാനം. അതോടൊപ്പം കോവിഡ് ചികിത്സയും സമാന്തരമായി തുടരും. ആശുപത്രിയുടെ മുകൾനില കോവിഡ് രോഗികൾക്കും താഴത്തെനില കോവിഡിതര രോഗികൾക്കുമായാണ് മാറ്റിവെക്കുക. 100 കോവിഡ് രോഗികൾക്കുള്ള സൗകര്യമാണ് മുകൾനിലയിൽ ഒരുക്കുക. ജനുവരി അവസാനത്തോടുകൂടി ബീച്ച് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പോസ്റ്റ് ഓപ്പറേറ്റിവ് വാർഡുകൾ, മൈക്രോബയോളജി ലാബ്, കാത്ത് ലാബ്, സ്ട്രോക് യൂനിറ്റ് എന്നിവ ഉദ്ഘാടനം പൂർത്തിയാക്കി പ്രവർത്തനസജ്ജമാകും. ജനുവരി അവസാനത്തിൽ മന്ത്രി കെ.കെ.ശൈലജയാണ് ഇവ ഉദ്ഘാടനം ചെയ്യുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച രണ്ട് പോസ്റ്റ് ഓപ്പറേറ്റിവ് വാർഡുകളും കാത്ത് ലാബിനൊപ്പം ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാറിെൻറ എം.എൽ.എ ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ താഴത്തെ നിലയിലാണ് രണ്ട് വാർഡുകൾ നിർമിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധ ഏൽക്കാതിരിക്കാൻ അത്യാധുനിക സൗകര്യത്തോടെയാണ് വാർഡ് നിർമിച്ചത്. പുരുഷ വാർഡിൽ 20 പേർക്കും സ്ത്രീകളുടെ വാർഡിൽ 10 പേർക്കുമുള്ള സൗകര്യമുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മൈക്രോബയോളജി ലാബും ഇതിനൊപ്പം ജനുവരി അവസാനംതെന്ന ഉദ്ഘാടനം ചെയ്യും.