ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും ,കൈദി സംവിധായകൻ ലോകേഷ് കനകരാ ജുമ്മ ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കയാണ് . കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ് . ഈ സന്ദർഭത്തിൽ ഔദ്യോദിഗമായ വിശദീകരണവുമായി എത്തിയിരിക്കുന്നു നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ് . ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട് മാസ്റ്റർ തിയ്യറ്ററുകളിലെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ വ്യക്തമാക്കുന്നു . വിജയ്‌യും സിനിമ തിയ്യറ്ററിലേ റിലീസ് ചെയ്യാവു എന്ന ഉറച്ച നിലപാടിലാണത്രെ . ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിശദീകരണം നൽകിയ നിർമ്മാതാവ് , ട്രാവൻകൂർ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിൻ മലബാർ ഏരിയയുടെ വിതരണ അവകാശം ഫോർച്യൂൺ സിനിമാസിനുമാണെന്നും വ്യക്തമാക്കി. റിലീസിനായി കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നതും കാത്തിരിക്കയാണ് മാസ്റ്റർ. കാരണം തമിഴകത്തെ പോലെ വലിയ ആരാധക വൃന്ദമാണ് കേരളത്തിൽ വിജയ്ക്കുള്ളത് . മലയാളിയായ മാളവിക മേനോനാണ് മാസ്റ്ററിൽ വിജയ്‌യുടെ നായിക .